ഡീനിന്റെ സമരം മലയോരത്തിന്റെ നിലനിൽപ്പിനായി: ഫ്രാൻസിസ് ജോർജ്
1577357
Sunday, July 20, 2025 7:02 AM IST
അടിമാലി: ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഒളിഞ്ഞും തെളിഞ്ഞും പിന്തുണ കൊടുക്കുകയാണെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി. അടിമാലിയിൽ അഡ്വ. ഡീൻ കുര്യാക്കോസ് നടത്തുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനം അട്ടിമറിക്കാൻ വനം വകുപ്പ് തുടക്കം മുതൽ ശ്രമിക്കുകയാണ്.
ബിജെപിക്കും ഇതിൽ പങ്കുണ്ട്. അതിനാലാണ് ഹർജിക്കാരനായി മുൻ ബിജെപി ജില്ലാ പ്രസിഡന്റുതന്നെ രംഗത്ത് എത്തിയത്. ഹൈക്കോടതിയിൽ ജനങ്ങളുടെ വികാരത്തിനും ആഗ്രഹത്തിനും പകരം വനം വകുപ്പിന്റെ താത്പര്യം സംരക്ഷിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാർ അഭിഭാഷകർ ശ്രമിച്ചത്. അതിനാലാണ് ഹൈക്കോടതി ദേശീയപതാ നിർമാണം തടഞ്ഞതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, മുൻ എംഎൽഎമാരായ ഇ.എം. ആഗസ്തി,എ.കെ. മണി, മുൻ ഡിസിസി പ്രസിഡന്റുമാരായ റോയി കെ. പൗലോസ്, അഡ്വ. ജോയി തോമസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്, പി.വി. സ്കറിയ, എ.പി. ഉസ്മാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.