പുതിയ വീട്ടിൽ അന്തിയുറങ്ങാൻ മോഹം ബാക്കിയാക്കി ബെൻസി യാത്രയായി
1578048
Wednesday, July 23, 2025 12:05 AM IST
തൊടുപുഴ: സ്വന്തം വീട്ടിൽ അന്തിയുറങ്ങണമെന്ന സ്വപ്നം ബാക്കിയാക്കി ബെൻസി യാത്രയായി. പുതിയ വീട്ടിലേയ്ക്ക് കയറിതാമസിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ബെൻസിയുടെ വിട വാങ്ങൽ. കലയന്താനി മുളയ്ക്കതൊട്ടിയിൽ സോബിയുടെ ഭാര്യ ബെൻസി (55) യുടെ മരണമാണ് വീട്ടുകാർക്കും നാട്ടുകാർക്കും വേദനയായത്. ഏതാനും വർഷങ്ങളായി കാൻസർ ബാധിതയായിരുന്നു ബെൻസി. നിർധന കുടുംബത്തെ നാട്ടുകാരും ഇടവക ജനങ്ങളും ഏറെ സഹായിച്ചിരുന്നു. പഞ്ചായത്തിൽനിന്നുള്ള ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം നൽകിയാണ് വീട് നിർമാണം പൂർത്തീകരിച്ചത്.
2002ൽ ഹൃദയ സംബന്ധമായ അസുഖം മൂലം ബ്ലഡിൽ കൗണ്ട് കുറഞ്ഞതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. രണ്ടാഴ്ച മുന്പ് ന്യുമോണിയ ബാധിച്ച് ശ്വാസ തടസമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. ബെൻസിയുടെ രോഗം കണക്കിലെടുത്ത് നിർമാണം പൂർത്തിയാക്കി വീട് വെഞ്ചരിച്ചിരുന്നു. ഒരു ദിവസമെങ്കിലും ബെൻസിയെ പുതിയ വീട്ടിൽ താമസിപ്പിക്കണമെന്ന ആഗ്രഹം കുടുംബാംഗങ്ങൾക്കുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ല. സംസ്കാരം ഇന്ന് 11.30ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ക്രിസ്റ്റി ടോം, സ്റ്റെനി ടോം എന്നിവരാണ് മക്കൾ.