ഒഴുക്കിൽപ്പെട്ട മധ്യവയസ്കൻ അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു
1577483
Sunday, July 20, 2025 10:15 PM IST
കട്ടപ്പന: ഒഴുക്കിൽപ്പെട്ട മധ്യവയസ്കൻ അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു.
ശനിയാഴ്ച രാത്രി ഒൻപതോടെ പുത്തൻവീട്ടിൽ മധു രാഘവൻ (43) ആശ്രമംപടി ഐടിഐ കുന്ന് റോഡിന് സമീപമുള്ള പാലത്തിൽനിന്ന് കട്ടപ്പന ആറ്റിലേക്ക് ചാടുകയായിരുന്നു.
ഒഴുകിപ്പോകുന്നതിനിടെ ഇയാൾ പാറയിൽ തങ്ങിനിന്നിരുന്നു. തുടർന്ന് മരക്കൊമ്പിലും പാറയിലും പിടിച്ചു കിടന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ ഇയാളുടെ മകൻ സ്ഥലത്തെത്തുകയും ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാളെ കാണാതായി. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
സംഭവസ്ഥലത്തുനിന്നു കിലോമീറ്റർ അപ്പുറം ആഞ്ഞിലിപ്പാലംവരെ തെരച്ചിൽ നടത്തി. തുടർന്ന് ഞായറാഴ്ച പുലർച്ചെ എത്തിയ ബന്ധുക്കൾ വീടു തുറന്നു നോക്കിയപ്പോൾ മധുവിനെ വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഒഴുക്കിൽപ്പെട്ടെങ്കിലും ഇയാൾ ഇടയ്ക്ക് നീന്തി കരയ്ക്കു കയറി എവിടെയോ മറഞ്ഞിരിക്കുകയായിരുന്നു. ഈ സമയം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മധു ശരിക്കും വട്ടംകറക്കി. മധുവിനെ കണ്ടെത്തിയെങ്കിലും ശരീരം മുഴുവൻ മുറിവുകളുള്ളതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു ഇയാൾ.