യുഡിഎഫ് പ്രതിഷേധസംഗമം ചെറുതോണിയിൽ
1577775
Monday, July 21, 2025 11:22 PM IST
കട്ടപ്പന: കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തകർത്തു തരിപ്പണമാക്കിയ ഇടതുസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരേ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ പ്രതിഷേധ സംഗമം 23ന് ചെറുതോണിയിൽ നടത്തുന്നതിന് തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചതായി ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ കാലഹരണപ്പെട്ട കെട്ടിടം ഇടിഞ്ഞുവീണ് ബിന്ദു എന്ന വീട്ടമ്മ മരിക്കാനിടയായ സംഭവം കേരള ജനതയുടെ മനഃസാക്ഷിയെ ഞെട്ടിച്ചതാണ്.ബിന്ദുവിന്റെ മകൾ നവമിയുടെ ’എന്റെ അമ്മയെ കാണുന്നില്ല’ എന്ന രോദനം കേൾക്കാൻ സ്ഥലത്തുണ്ടായിരുന്ന മന്ത്രിമാർക്ക് മനുഷ്യത്വം ഉണ്ടായില്ല എന്നതും നീതീകരിക്കാൻ കഴിയാത്തതാണ്.
ആശുപത്രികളിൽ ഓപ്പറേഷന് ഉപകരണങ്ങൾ ഇല്ല, മരുന്നില്ല, ആവശ്യത്തിന് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ ജീവനക്കാരില്ല, ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പണമില്ല എന്നീ കാരണങ്ങളാൽ പാവപ്പെട്ടവരുടെ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങൾ നിർജീവാവസ്ഥയിലാണ്.
കേരളത്തിന്റെ സർവകലാശാലകൾ ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രക്തക്കളങ്ങളായി മാറിയിരിക്കുന്നു. വൈസ് ചാൻസലർമാരില്ലാത്തതിനാലും ഗവണ്മെന്റ് കോളജുകളിൽ പ്രിൻസിപ്പൽമാരില്ലാത്തതിനാലും ഉന്നത വിദ്യാഭ്യാസരംഗം താറുമാറായിരിക്കുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടിയും ആർ. ബിന്ദുവും ചേർന്ന് എൻജിനിയറിംഗ് -മെഡിക്കൽ രംഗത്തെ അഡ്മിഷൻ താറുമാറാക്കി വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിൽ ശ്രദ്ധയില്ലാതെ വന്നതുകൊണ്ടാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ മിഥുൻ എന്ന കുട്ടിയുടെ ജീവൻ നഷ്ടമായത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ തകർച്ച മൂലം ജനജീവിതം ദുരിതപൂർണമായ സാഹചര്യത്തിലാണ് യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നതെന്നിം ജോയി വെട്ടിക്കുഴി അറിയിച്ചു. ചെറുതോണിയിൽ നടക്കുന്ന പ്രതിഷേധ സംഗമം 23ന് രാവിലെ 11ന് പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് യോഗം അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി. മാത്യു, കെ.എം.എ. ഷുക്കൂർ, എം.ജെ. കുര്യൻ, അഡ്വ. ജോയ് തോമസ്, റോയി കെ. പൗലോസ്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.