വി.എസ്: തിരിച്ചടിയിലും തലയെടുപ്പോടെ നിന്ന പോരാളി
1577779
Monday, July 21, 2025 11:22 PM IST
മൂന്നാർ: ഒറ്റയാനായി പൊരുതിയ നേതാവെന്ന നിലയിലായിരിക്കും വി.എസ്. അച്യുതാനന്ദനെ ഇടുക്കിയുടെ ചരിത്രം ഓർത്തുവയ്ക്കുന്നത്. പാളയത്തിൽ നിന്നുതന്നെ ഉയർന്ന എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ തുടങ്ങിവച്ച ദൗത്യം പൂർത്തീകരിക്കാനായില്ലെങ്കിലും ഒരു നേതാവിന് ദീർഘവീക്ഷണവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതുവിധത്തിലുള്ള വിജയവും നേടാനാവുമെന്ന് അദ്ദേഹം തെളിയിച്ചു.
അനധികൃതമായി ഭൂമി സ്വന്തമാക്കി അനുമതിയില്ലാതെ കോടികൾ മുടക്കി കെട്ടിടങ്ങൾ നിർമിച്ച റിസോർട്ട് ലോബി സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിന്റെ മനോഹാരിത കൈയടക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് വി.എസ്.മൂന്നാർ ദൗത്യത്തിന് ഇറങ്ങിയത്. പിന്നീട് കേരളം കണ്ടത് കരുത്തനായ ഒരു നേതാവിന്റെ ശക്തമായ ഇടപെടൽ.
പരിസ്ഥിതി ലോല പ്രദേശം കൂടിയായ മൂന്നാറിന്റെ പരിസ്ഥിതിക്ക് ഇണങ്ങാത്ത വിധത്തിൽ ഒരു അനുമതിയും തേടാതെ മാഫിയ സംഘങ്ങൾ പണിതുയർത്തിയ കെട്ടിടങ്ങൾ നിലനിന്നാൽ ഭാവിതലമുറയ്ക്ക് മൂന്നാറിനെ നഷ്ടമാകും എന്ന തിരിച്ചറിവ് മുന്പേ കണ്ടെത്തിയ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കൃത്യവും സൂക്ഷ്മവുമായിരുന്നു. അതിനായി ആവിഷ്കരിച്ച കൃത്യമായ പദ്ധതികളും നടപ്പാക്കിയ വിധവും ഏവരെയും ഞെട്ടിച്ചു.
വെല്ലുവിളികളുയരാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് അധികം പരസ്യമാക്കാതെയായിരുന്നു ദൗത്യത്തിന്റെ അണിയറപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. അനധികൃത കെട്ടിടങ്ങൾക്ക് എതിരേ കടുത്ത നടപടികൾക്കായി ഒരു സംഘം മൂന്നാറിൽ എത്തിയപ്പോഴാണ് ദൗത്യം പുറംലോകം അറിയുന്നത്.
അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയാകുന്ന വേളയിലായിരുന്ന വി.എസിന്റെ മൂന്നാർ ദൗത്യം ആരംഭിക്കുന്നത്. 2007 മേയ് 13-ാം തീയതിയായിരുന്നു ദൗത്യത്തിന്റെ തുടക്കം. വിശ്വസ്തനായ കെ.സുരേഷ് കുമാർ ആയിരുന്നു ദൗത്യസംഘത്തിന്റെ തലവൻ. ഋഷിരാജ് സിംഗും ഇടുക്കി കളക്ടറായിരുന്ന രാജു നാരായണസ്വാമി എന്നിവരെയും ദൗത്യ സംഘത്തിൽ ഉൾപ്പെടുത്തി. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ അനധികൃത കെട്ടിടങ്ങൾ ഒന്നൊന്നായി നിലം പൊത്തി.
കെട്ടിടങ്ങൾ നിലംപൊത്തുന്നതിനോടൊപ്പം ഉയർന്ന ജെസിബിയുടെ മുരൾച്ച ഒരു സിംഹഗർജനം പോലെ വിജയഭേരി മുഴക്കിക്കൊണ്ടിരുന്നു. ഒന്നിനും കൂസാത്ത മൂന്നു ഉദ്യോഗസ്ഥരുടെ കരുത്തിനും നടപടികൾക്കും മുന്നിൽ റിസോർട്ട് ലോബികൾ വിറളിപൂണ്ടു. എല്ലാത്തിനും മുന്നിൽനിന്നും നയിച്ചത് വി.എസ് എന്ന ജനകീയ നേതാവ്.
ദൗത്യസംഘത്തിന് വി.എസിന്റെ മൂന്നു പൂച്ചകൾ എന്ന വിളിപ്പേരും വീണു. മുഖംനോക്കാതെ നടപടിയെടുക്കാൻ നിർദേശം ലഭിച്ചതോടെ ദൗത്യസംഘത്തിനു മുന്പിൽ ആർക്കും പിടിച്ചുനിൽക്കാനാവാത്ത സ്ഥിതി ഇല്ലാതായി . ഒരു മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യവും കൂടിയായതോടെ വി.എസിന് വീരപരിവേഷവും ലഭിച്ചു. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വരെ മാധ്യമങ്ങൾ സംഭവത്തെ വലിയ വാർത്തയാക്കി.
25 ദിവസങ്ങൾ കൊണ്ട് വി.എസിന്റെ പൂച്ചകൾ വലിയ നേട്ടമാണ് കൈവരിച്ചത്. 11 ബഹുനിലക്കെട്ടിടങ്ങൾ ഉൾപ്പെടെ 96 കെട്ടിടങ്ങൾ ഇടിച്ചുനിരത്തി. സർക്കാരിന് കൈമോശം വന്ന ഏക്കറു കണക്കിന് ഭൂമി തിരിച്ചു പിടിച്ചു. 11,350 ഏക്കറോളമാണ് തിരിച്ചെടുക്കപ്പെട്ടത്.
എന്നാൽ സ്വന്തം പക്ഷത്തുനിന്നുപോലും എതിർപ്പുയർന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. മിടുക്കരും ജനനായകരുമെന്ന് വിളിക്കപ്പെട്ട മൂന്നു ഉദ്യോഗസ്ഥരും അപഹാസ്യരാകേണ്ടി വന്നു. എന്നാൽ ദൗത്യം പാളിയെങ്കിലും ഒരു ജനകീയ നേതാവ് എപ്രകാരം ആയിരിക്കണമെന്നുള്ള മാതൃക ഈ ദൗത്യത്തിലൂടെ വി.എസ്.കാണിച്ചുതന്നു.
വി.എസ് തുടങ്ങിയ ദൗത്യം പൂർത്തിയായിരുന്നുവെങ്കിൽ ഇന്ന് മൂന്നാറിന്റെ മുഖം മറ്റൊന്നായിരിക്കുമെന്ന് കരുതുന്നവും ഒട്ടേറെപ്പേരാണ്.