പ്രവര്‍ത്തനം ആരംഭിക്കാതെ മുണ്ടിയെരുമയിലെ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം
1577508
Sunday, July 20, 2025 10:58 PM IST
നെടുങ്കണ്ടം: ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാതെ മുണ്ടിയെരുമയിലെ പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രം. കഴിഞ്ഞ മാസമാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍എച്ച്എം ഫണ്ടില്‍നിന്നു ലഭിച്ച 1.15 കോടി രൂപ മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഫണ്ട് അനുവദിക്കുന്നതിന് മുന്‍കൈയെടുത്ത ഡീന്‍ കുര്യാക്കോസ് എംപിയെ ഉദ്ഘാടനച്ചടങ്ങില്‍നിന്നും ഒഴിവാക്കിയത് അന്നു വിവാദമായിരുന്നു.
ദിവസേന 250 - 300 രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന ഈ ആരോഗ്യകേന്ദ്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് അരനൂറ്റാണ്ട് മുമ്പ് നാട്ടുകാര്‍ പണിതുനല്‍കിയ കെട്ടിടത്തിലാണ്. ഉദ്ഘാടനം നടന്നപ്പോഴോ പിന്നീടോ കെട്ടിടത്തിന് ആവശ്യമായ അനുബന്ധ പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കി നല്കാന് പാമ്പാടുംപാറ പഞ്ചായത്ത് ഭരണസമിതി തയാറാകാത്തതിനാലാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കാത്തതെന്ന് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റുമായ സി.എസ്. യശോധരന് ആരോപിച്ചു.
പുതിയ കെട്ടിടം വന്നതോടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ ഉദ്ഘാടനദിവസം പൂട്ടിയ കെട്ടിടം പിന്നീട് ഇതുവരെ തുറന്നിട്ടേയില്ല. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം കുറവായതിനാല്‍ ഇവിടെയെത്തുന്ന രോഗികള്‍ വലയുകയാണ്.
കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളിലെ സാധാരണക്കാര്‍ക്ക് ഏക ആശ്രയമായ ഈ സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്ക് ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സി.എസ്. യശോധരന് ആവശ്യപ്പെട്ടു.