കെ. സലിംകുമാർ സിപിഐ ജില്ലാ സെക്രട്ടറി
1577506
Sunday, July 20, 2025 10:58 PM IST
കട്ടപ്പന: സിപിഐ ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കട്ടപ്പനയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാർട്ടി സംസ്ഥാന കൗണ്‍സിൽ അംഗവും എഐടിയുസി വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. 2022 ഓഗസ്റ്റിൽ അടിമാലിയിൽ നടന്ന സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഉടുന്പന്നൂർ മഞ്ചിക്കല്ല് കണിയാംപറന്പിൽ പരേതരായ തങ്കപ്പന്റെയും സരോജിനിയുടെയും മകനാണ് 59കാരനായ സലിംകുമാർ. അന്തരിച്ച നേതാവ് വഴിത്തല ഭാസ്കരന്റെ മകൾ പരേതയായ സിന്ധുവാണ് ഭാര്യ. മകൾ: ലക്ഷ്മിപ്രിയ. മരുമകൻ രോഹിത്ത്.
തൊഴിലാളി പ്രസ്ഥാനത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയത്. ചെത്തുതൊഴിലാളി ഫെഡറേഷൻ, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ, ചുമട്ടുതൊഴിലാളി ഫെഡറേഷൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ, മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
51 അംഗ ജില്ലാ കൗണ്‍സിലിനെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
മുതിർന്ന നേതാവ് പി. പളനിവേലിന്റെ നിര്യാണത്തെത്തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തിയത്. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ റവന്യു മന്ത്രി കെ. രാജൻ, സിപിഐ ദേശീയ കണ്ട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. അഷ്റഫ്, കമല സദാനന്ദൻ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു. കണ്‍വീനർ കെ.കെ. ശിവരാമൻ നന്ദി പറഞ്ഞു.