ദുരൂഹ സാഹചര്യത്തിൽ യുവതി പൊള്ളലേറ്റു മരിച്ചു
1578044
Wednesday, July 23, 2025 12:05 AM IST
ചെറുതോണി: ദുരൂഹ സാഹചര്യത്തിൽ യുവതി പൊള്ളലേറ്റു മരിച്ചു.
തോപ്രാംകുടി ടൗണിൽ പലചരക്ക് കട നടത്തുന്ന പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജി (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടുകൂടി തോപ്രാംകുടിയിലെ ഇവരുടെ വീട്ടിലാണ് സംഭവം.
ഷിജിയുടെ നിലവിളി കേട്ട് തൊട്ടടുത്ത് മുറിയിലുണ്ടായിരുന്ന ഭർതൃ മാതാവ് എത്തിയപ്പോഴാണ് ഇവരുടെ ദേഹത്ത് തീ പടരുന്നതായി കാണുന്നത്.
മാതാവിന്റെ നിലവിളികേട്ട് വഴിയാത്രികരും അയൽവാസികളും ഓടിയെത്തി തീയണച്ചു.
അതീവ ഗുരുതരമായി പൊള്ളലേറ്റ ഷിജിയെ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മണ്ണെണ്ണ, ടിന്നർ പോലുള്ള ദ്രാവകമാണ് അഗ്നിബാധയ്ക്ക് കാരണമെന്നും ആത്മഹത്യയാണോ അപകടമാണോയെന്ന് കൂടുതൽ അന്വേഷണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായാലേ സ്ഥിരീകരിക്കാൻ കഴിയുകയുളെളന്നും മുരിക്കാശേരി പോലീസ് പറഞ്ഞു.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃദദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മുരിക്കാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെൺമണി വള്ളിയോടത്ത് കുടുംബാംഗമാണ് ഷിജി.
മർച്ചന്റ് അസോസിയേഷൻ തോപ്രാംകുടി യൂണിറ്റ് വനിതാവിംഗ് സെക്രട്ടറിയാണ് ഷിജി. റോസ്മരിയ, കിരൺ, അന്നമരിയ എന്നിവരാണ് മക്കൾ.