വെളിച്ചെണ്ണയിൽ മായം; തടയാൻ കർശന പരിശോധന
1577774
Monday, July 21, 2025 11:22 PM IST
തൊടുപുഴ: വില ഉയർന്നതോടെ വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വിൽപ്പന തടയാനും കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിലാകെ 61 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനകളിൽ മൂന്നു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള കോന്പൗണ്ടിംഗ് നോട്ടീസ് നൽകി. ഏഴ് സ്റ്റാറ്റ്യൂട്ടറി സാന്പിളുകളും ഏഴ് സർവൈലൻസ് സാന്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു. ഇവ കാക്കനാട്ടെ റീജണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചതായി അധികൃതർ പറഞ്ഞു.
വെളിച്ചെണ്ണ വില ക്രമാതീതമായി ഉയർന്നതോടെ മായം കലർത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം നടത്തി വരുന്ന ഓപ്പറേഷൻ നാളികേരയുടെ ഭാഗമായാണ് ജില്ലയിലെ അഞ്ച് സർക്കിളുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതെന്ന് ഇടുക്കി അസി.ഫുഡ് സേഫ്റ്റി കമ്മീഷണർ ബൈജു പി. ജോസഫ് പറഞ്ഞു.
വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, റീ പാക്കിംഗ് യൂണിറ്റുകൾ, മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. അഞ്ച് സർക്കിളുകളിലായി 14 ബ്രാൻഡുകൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തി. മൂന്നു ദിവസങ്ങളിലായി നടത്തി വന്ന സ്പെഷൽ ഡ്രൈവിനു ശേഷം വരും ദിവസങ്ങളിലും കർശന പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണയോ മായമോ കലർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഓണക്കാലമാകുന്നതോടെ വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും ഡിമാൻഡ് കൂടാനാണ് സാധ്യത. നിലവിലെ സ്ഥിതിയനുസരിച്ച് വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപ്പനയ്ക്കെതിരേ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യസുരക്ഷാ പരാതി ടോൾ ഫ്രീ നന്പരായ 1800 425 1125ൽ വിവരം അറിയിക്കാം.