മറയൂരിന്റെ മടിത്തട്ടിൽ ഉറങ്ങുന്നത് ചരിത്രം; വരുന്നോ, ത്രിൽ പകരും കാഴ്ചകളിലേക്ക്
1578050
Wednesday, July 23, 2025 12:05 AM IST
ജിതേഷ് ചെറുവള്ളിൽ
മറയൂർ: കേരളമെങ്ങും പെരുമഴ പെയ്തിറങ്ങുന്പോൾ ഇതൊന്നുമറിയാതെ മഴയുടെ നിഴലിലാണ് കേരളത്തിലെ ഏക മഴനിഴൽ പ്രദേശമായ മറയൂർ. തൊട്ടടുത്ത പഞ്ചായത്തായ മൂന്നാറിന്റെ അതിർത്തി പ്രദേശമായ ചട്ട മൂന്നാർ വരെ മഴ തിമിർത്തു പെയ്യുകയാണ്.
എന്നാൽ മറയൂരിലാകട്ടെ ഇടവേളകളിൽ നൂൽമഴ മാത്രം. കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവിലുള്ള മഴനിഴൽ പ്രദേശമായ മറയൂരിനുള്ളത് പ്രകൃതി സൗന്ദര്യത്തിന്റെയും പുരാതന ചരിത്രത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഏടുകളാണ്. മൂന്നാറിൽനിന്ന് 40 കിലോമീറ്റർ ദൂരെ സമുദ്രനിരപ്പിൽനിന്ന് 1,000 അടി ഉയരത്തിൽ മലനിരകളാൽ ചുറ്റപ്പെട്ട ഈ മനോഹര ഭൂമി മിതോഷ്ണ കാലാവസ്ഥയുള്ള ഇടമാണ്. ചന്ദനമരങ്ങളുടെ സുഗന്ധവും പുരാതന മുനിയറകളും വന്യജീവി സന്പത്തും ശീതകാല പച്ചക്കറി കൃഷിയും സാഹസിക ജീപ്പ് യാത്രകളും മറയൂരിന് ടൂറിസം ഭൂപടത്തിൽ അദ്വിദീയ സ്ഥാനമാണ് നൽകുന്നത്.
ചന്ദനത്തിന്റെ സുഗന്ധം
മറയൂരെന്നാൽ ചന്ദനമരങ്ങളുടെ നാടെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ ഏക സ്വാഭാവിക ചന്ദനക്കാടുകൾ ഉള്ളത് ഇവിടെയാണ്. മറയൂർ മുതൽ പള്ളനാട് വരെയുള്ള ഏഴു കിലോമീറ്റർ ചന്ദനകാടുകളാണ്. ഇടതൂർന്ന ചന്ദനമരങ്ങൾക്കിടയിലൂടെ ഇളം തെന്നലേറ്റ് നടക്കുന്നത് മനസിന് കുളിർമ നൽകും. കേരളത്തിലെ ഏക ചന്ദന ഡിപ്പോയും, സർക്കാർ ഉടമസ്ഥതയിലുള്ള ചന്ദന ഓയിൽ ഫാക്ടറിയും സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ ചന്ദന സന്പത്ത് മറയൂരിനെ കേരളത്തിന്റെ ചന്ദന നഗരിയാക്കി മാറ്റുന്നു.
ചരിത്രത്തിന്റെ ഓർമകൾ
മറയൂർ ഗതകാല ചരിത്രത്തിന്റെ ശേഷിപ്പുകൾ പേറുന്ന ഇടമാണ്. 3000 മുതൽ 10,000 വർഷം വരെ പഴക്കമുള്ള മുനിയറകൾ, ഗുഹാചിത്രങ്ങൾ, എഴുത്തളകൾ എന്നിവ ശിലായുഗത്തിന്റെ അവശേഷിപ്പുകളാണ്. ഈ പുരാതന സ്മാരകങ്ങൾ ചരിത്രാന്വേഷികൾക്കും ഗവേഷകർക്കും അറിവിന്റെ പാഠശാലയാണ്. മുനിയറകൾ പഴമയുടെ കഥകളാണ് വിളിച്ചോതുന്നത്. കുടക്കല്ലുകൾ, നടക്കല്ലുകൾ, നന്നങ്ങാടികൾ ഉൾപ്പെടെ പുരാതന ജനതയുടെ മണ്മറഞ്ഞ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെനിന്ന് ഉത്ഖനനത്തിലൂടെ കണ്ടെടുത്തത് പഴയകാല ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നു. പഠനത്തിനും ഗവേഷണത്തിനും പുറമേ മുനിയറകളെ അടുത്തറിയാനും ധാരാളം പേരാണ് ഇവിടെയെത്തുന്നത്.
കാഴ്ചയുടെ വസന്തം
പശ്ചിമഘട്ടത്തിൽനിന്ന് കിഴക്കോട്ടൊഴുകുന്ന പാന്പാർ നദിയുടെ ഉത്ഭവം മറയൂരിലാണ്. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന മറയൂർ-ഉദുമൽപേട്ട റോഡ് ആന, മയിൽ, കാട്ടുപോത്ത്, മാൻ, കടുവ, പുലി തുടങ്ങിയവയെ അടുത്ത് കാണാനുള്ള അവസരം വന്യജീവി പ്രേമികൾക്ക് നൽകുന്നു. ചിന്നാറിലെ ആലാംപെട്ടി, ചിന്നാർ എന്നിവിടങ്ങളിൽ ട്രക്കിംഗിനും വനത്തിനുള്ളിൽ താമസിക്കാനും സൗകര്യമുണ്ട്.
തുള്ളിതുളുന്പുന്ന തൂവാനം വെള്ളച്ചാട്ടം ആരുടേയും മനംകവരും. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി തലഉയർത്തി നിൽക്കുന്നതും ഇവിടെനിന്നാൽ ദർശിക്കാം. ഇരവികുളം ദേശീയോദ്യാനം, ആനമുടി ഷോല നാഷണൽ പാർക്ക്, ചിന്നാർ വന്യജീവി സങ്കേതം, മറയൂരിനോട് അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ആനമല ടൈഗർ റിസർവ് എന്നിവ മറയൂരിനെ പ്രകൃതി സ്നേഹികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു.
ശീതകാല പച്ചക്കറിയുടെ
കലവറ
മറയൂർ, കാന്തല്ലൂർ പ്രദേശങ്ങൾ കേരളത്തിന്റെ ശീതകാല പച്ചക്കറികളുടെ കലവറ എന്നറിയപ്പെടുന്നു. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, കൂർക്ക എന്നിവ ഇവിടെ സമൃദ്ധമായി വിളയുന്നു. കാന്തല്ലൂരിലെ പ്ലംസ്, ആപ്പിൾ, സ്ട്രോബറി എന്നീ പഴവർഗങ്ങൾ കാർഷിക സമൃദ്ധിയുടെ വിളനിലമാണ്.
ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കര, ഏക്കർ കണക്കിനുവ്യാപിച്ചുകിടക്കുന്ന കരിന്പിൻ തോട്ടങ്ങൾ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാൽ അവിസ്മരണീയമായ അനുഭവമാണ് ഇതു പ്രദാനം ചെയ്യുന്നത്.
മറയൂരിലെ സാഹസിക
ജീപ്പ് യാത്ര
മറയൂരിന്റെ പരുക്കൻ മലനിരകളും, വനത്തിലൂടെയുള്ള പാതകളും, ചന്ദനക്കാടുകളും സാഹസിക ജീപ്പ് യാത്രകൾക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.
മറയൂർ, കാന്തല്ലൂർ പ്രദേശത്തെ കുത്തനെയുള്ള പാതകൾ, പാറക്കെട്ടുകൾ, ചെറിയ ഗുഹകൾ, വനപ്രദേശങ്ങൾ എന്നിവയിലൂടെ ഓഫ് സഫാരി യാത്രകൾ ത്രിൽ പകരുന്ന അനുഭവമാണ്.
ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തികളിലൂടെയും മറയൂർ, കാന്തല്ലൂർ പ്രദേശത്തെ വെള്ളച്ചാട്ടത്തിലൂടെയുമുള്ള ജീപ്പ് യാത്ര ഒരുക്കുന്ന വിസ്മയം അവർണനീയമാണ്. ഈ യാത്രയിൽ മറയൂരിന്റെ പച്ചപ്പും, വന്യജീവി സന്പത്തും, ചന്ദന സൗരഭ്യവും ആസ്വദിക്കാൻ അസുലഭമായ അവസരമാണ് പ്രദാനം ചെയ്യുന്നത്.