ജൂബിലി റോഡ് തകർന്നിട്ട് വർഷങ്ങൾ; ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല
1577788
Monday, July 21, 2025 11:22 PM IST
രാജാക്കാട്: രാജാക്കാട് പഞ്ചായത്ത് പത്താം വാർഡിൽ ഉൾപ്പെട്ട ജൂബിലി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും ഗതാഗതയോഗ്യമാക്കാൻ നടപടിയില്ലെന്നു പരാതി. 2021 ലാണ് അവസാനമായി റോഡിൽ ടാറിംഗ് നടത്തിയത്. ഏറെത്താമസിയാതെതന്നെ ഇത് തകരുകയും ചെയ്തു. രാജാക്കാട് പഞ്ചായത്തിന്റെ സുവർണജൂബിലി സ്മാരകമായാണ് ഈ റോഡ് നിർമിച്ചത്.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് രാജാക്കാട് പൊന്മുടി റോഡിൽനിന്നും രാജാക്കാട് എല്ലക്കൽ റോഡിലേക്ക് ഏകദേശം ഒന്നര കിലോമീറ്ററിൽ താഴെ ദൂരത്തിലുള്ള റോഡ് നിർമിച്ചത്. പാടത്തിന്റെ സമീപത്തുകൂടി കടന്നുപോകുന്ന റോഡിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതുകൊണ്ടാണ് നിർമാണം പൂർത്തിയാക്കി അധികകാലം കഴിയുന്നതിനു മുമ്പ് റോഡ് തകർന്നത്.
നിരവധി കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ഏകാശ്രയമായ ഈ റോഡ് അടിയന്തരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ടൗണിൽ ഗതാഗതക്കുരുക്കുകൾ ഉണ്ടാകുമ്പോഴും പൊന്മുടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ടൗണിലെത്താതെതന്നെ പഴയ പോസ്റ്റ് ഓഫീസ് പടിക്കലെത്തുന്ന രാജാക്കാട് എല്ലക്കൽ റോഡിലേക്ക് വേഗത്തിൽ എത്താനും കഴിയുന്നതാണ് ജൂബിലി റോഡ്.