ഭൂപതിവ് ഭേദഗതി ചട്ടങ്ങൾ ഓഗസ്റ്റ് ആദ്യം നിലവിൽ വരുമെന്ന് റവന്യു മന്ത്രി കെ. രാജൻ
1577503
Sunday, July 20, 2025 10:58 PM IST
കട്ടപ്പന: ഭൂനിയമ ഭേദഗതി ചട്ടങ്ങൾ ഓഗസ്റ്റ് ആദ്യം നിലവിൽ വരുമെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയം നൽകുന്നതിനുള്ള ജോയിന്റ് വെരിഫിക്കേഷൻ ഓഗസ്റ്റ് ആദ്യം തുടങ്ങും. ഭൂ നിയമ ഭേദഗതി ബില്ല് പാസായതിനുശേഷം ചട്ട രൂപീകരണത്തിനു നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. സാധാരണക്കാർക്ക് അധികബാധ്യത ഉണ്ടാവാത്ത വിധത്തിലാവും ക്രമവത്കരണം നടത്തുക. ക്രമവത്കരണത്തിന് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടക്കുമെന്നുള്ള ആരോപണങ്ങൾക്ക് അർഥമില്ല.
35 വർഷമായി തുടരുന്ന കട്ടപ്പനയിലെ ടൗൺഷിപ്പ് പട്ടയ പ്രതിസന്ധി ഓണക്കാലത്തിനു മുമ്പേ പരിഹരിക്കും. ഇടുക്കി ജില്ലയിലെ 1964 ചട്ടത്തിൽ തയാറാക്കിയ ആയിരക്കണക്കിന് പട്ടയങ്ങൾ നിയമ വ്യവഹാരങ്ങൾക്കു ശേഷം കോടതിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കോടതി തീരുമാനത്തിന് ശേഷം വലിയൊരു ശതമാനം പട്ടയം വിതരണം ചെയ്യാൻ സാധിക്കും.
പട്ടയ നടപടികൾക്കായി ജില്ലയിൽ സർവേ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിക്കും. അയ്യപ്പൻകോവിൽ, കാഞ്ചിയാർ മേഖലയിലെ മൂന്ന് ചെയ്നിൽ പട്ടയം നൽകുന്നതിനുള്ള ശിപാർശ, നടപടികൾക്കു ശേഷം സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. ഇതിന് ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കട്ടപ്പനയിൽ പറഞ്ഞു.