സിഎച്ച്ആറിലെ പട്ടയം: മന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് ബിജോ മാണി
1577784
Monday, July 21, 2025 11:22 PM IST
കട്ടപ്പന: സിഎച്ച്ആറിലെ പട്ടയവിതരണം തടഞ്ഞ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാതെ കട്ടപ്പനയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് ഒരുമാസത്തിനുള്ളിൽ പട്ടയം നൽകുമെന്ന റവന്യു മന്ത്രിയുടെ കട്ടപ്പനയിലെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കലാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി സിഎച്ച്ആറിന്റെ പരിധിയിലാണെന്നാണ് ജില്ലകലക്ടറുടെ റിപ്പോർട്ടിലുള്ളത്. സിഎച്ച്ആറിലെ പട്ടയവിതരണം കോടതി തടഞ്ഞിട്ട് ഒൻപതു മാസമായി.
പട്ടയവിതരണത്തിന് നിലവിലുള്ള നിയമതടസങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് മന്ത്രി ആദ്യം ചെയ്യേണ്ടത്. പട്ടയം അനുവദിക്കാവുന്ന കടകളുടെ വിസ്തീർണം സംബന്ധിച്ചും സർക്കാർ ഉത്തരവിറക്കണം. ഈ വിഷയം 2022 ൽ ജില്ലാ കളക്ടർ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നെങ്കിലും മൂന്നു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതു ചെയ്യാതെ വ്യാപാരസ്ഥാപനങ്ങൾക്ക് പട്ടയം നൽകാൻ കഴിയില്ലന്നിരിക്കേ വെറും പ്രഖ്യാപനങ്ങൾ നടത്തി മലയോര ജനതയെ വഞ്ചിക്കുകയാണ് റവന്യൂമന്ത്രി ചെയുന്നത്.
2016ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കട്ടപ്പനയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള സർവേനടപടികൾ ആരംഭിക്കാൻ ഉത്തരവിറക്കിയതാണ്. തുടർന്ന് വന്ന ഇടതുസർക്കാർ പട്ടയ നടപടികൾ വൈകിക്കുകയായിരുന്നു. സമാനമായ നിലപാടാണ് ജില്ലയിലെ പത്തു ചെയിൻ, മൂന്നു ചെയിൻ മേഖലയിലെ പട്ടയവിതരണത്തിലും ഉണ്ടായത്. ലാൻഡ് രജിസ്റ്ററിൽ ഏലം എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പേരിൽ പട്ടയവിതരണം തടസപ്പെട്ട പ്രദേശങ്ങളിലെ പട്ടയ നടപടികളിലും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലാണ് മൂന്ന് ചെയിൻ മേഖലയിൽ പട്ടയം നൽകാനുള്ളത്. കല്ലാർകുട്ടി ഡാമിന്റെ പരിധിയിലാണ് പത്തു ചെയിനിൽ പട്ടയം നൽകാനുള്ളത്.
ജില്ലയിൽ പട്ടയവിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളൊന്നും പരിഹരിക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നാടകമാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും ബിജോ മാണി ആരോപിച്ചു.
പത്രസമ്മേളനത്തിൽ കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോണ്ഗ്രസ് ഉടുന്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പങ്കെടുത്തു.