മന്ത്രിമാർ ഉദ്യോഗസ്ഥരുടെ ആജ്ഞാനുവർത്തികളായത് കേരളത്തിന്റെ ശാപം: ഡീൻ കുര്യാക്കോസ്
1577355
Sunday, July 20, 2025 7:02 AM IST
അടിമാലി: മന്ത്രിമാർ ഉദ്യോഗസ്ഥ ദുർനടപടികളുടെ ന്യായികരണ ത്തൊഴിലാളികളാവുന്നത് ജനാധിപത്യ സംവിധാനത്തിന്റെ തകർച്ചയ്ക്കു കളമൊരുക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 2024 ഓഗസ്റ്റ് രണ്ടിനു ചേർന്ന യോഗത്തിൽ നേര്യമംഗലം-വാളറ റോഡിന്റെ വീതി 100 അടിയാണെന്നും സ്ഥലം റവന്യൂവിന്റെ പുറമ്പോക്ക് സ്ഥലമാണെന്നും പ്രസ്തുത സ്ഥലത്തിന് വനം വകുപ്പിനു യാതൊരു അവകാശവുമില്ലന്നും വനം വകുപ്പ് കേസിനു പോകാൻ പാടില്ലെന്നും മന്ത്രിമാർ ഉൾപ്പെടെ പറഞ്ഞിരുന്നതാണ്.
തീരുമാനങ്ങൾക്ക് വിരുദ്ധമായി റോഡിന്റെ സ്ഥലം മലയാറ്റൂർ ഫോറസ്റ്റ് റിസർവിന്റെ ഭാഗമാണെന്ന് വനം വകുപ്പ് അഡീഷണൽ സെക്രട്ടറി ജോതിലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇതാണ് റോഡ് നിർമാണം തടയാൻ കാരണമായത്.
സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് തടയാൻ മന്ത്രിമാരായ റോഷി അഗസ്റ്റിനും എ.കെ. ശശിന്ദ്രനും ധൈര്യമില്ല. ഹൈക്കോടതിയിൽ റിവ്യു പെറ്റീഷൻ ഫയൽ ചെയ്ത് ഹൈവേയുടെ നിർമാണം പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്നു വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.