ഫോണ് കവറേജ് അന്യം; ഊരുകൂട്ടം സമരം നടത്തി
1577785
Monday, July 21, 2025 11:22 PM IST
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ തീർഥമല ആദിവാസി ഊരുനിവാസികൾക്ക് പുറംലോകവുമായി ആശയവിനിമയം നടത്താൻ മാർഗമില്ലാത്തതിൽ ഊരുകൂട്ടം പ്രതിഷേധിച്ചു. തീർഥമല നിവാസികൾക്കായി ഒന്നരവർഷം മുന്പ് നിർമാണം ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനം ആരംഭിക്കാത്ത ബിഎസ്എൻഎൽ ടവറിന്റെ മുന്നിലാണ് ഊരുകൂട്ടം പ്രതിഷേധിച്ചത്. സർക്കാർ സേവനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഇന്റർനെറ്റ് സംവിധാനത്തെ ആശ്രയിച്ച് നടക്കുന്ന സാഹചര്യത്തിൽ മൊബൈൽ ടവർ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാണ് ഊരുകൂട്ടത്തിന്റെ ആവശ്യം.
കോവിഡിനെത്തുടർന്ന് വളരെ വേഗത്തിലായിരുന്നു ബിഎസ്എൻഎൽ ടവറിന്റെ നിർമാണം ആരംഭിച്ചത്. ഇതിനായി ഊരിൽ വൈദ്യുതി എത്തിച്ചിരുന്നു. അടിസ്ഥാനസൗകര്യങ്ങൾ ഊര് നിവാസികളും ഒരുക്കിനൽകി. നിർമാണം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് ജീവനക്കാർ പ്രവർത്തനം നിർത്തിപ്പോയത്. പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഊരുകൂട്ടം പറയുന്നു. നിവവധി തവണ ബന്ധപ്പെട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ഫോണ് എടുക്കാതെയായി. ഈ സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയത്. എസ്. ശിവൻ രാജ്, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.