ഗ്രാമങ്ങളിലെ മണ്റോഡുകൾ കാണാൻ ആരുമില്ലേ ?
1578039
Wednesday, July 23, 2025 12:05 AM IST
തൊടുപുഴ: പഞ്ചായത്തുകളുടെ പ്ലാൻഫണ്ടിലെ കുറവ് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് തടസമാകുന്നു.
പല പഞ്ചായത്തുകളുടെയും ആസ്തി വികസന രജിസ്റ്ററിൽ ഉള്ളതും പുതുതായി ഉൾപ്പെടുത്തിയതുമായ ഒട്ടേറെ റോഡുകൾ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളുമില്ല.
നേരത്തെ ഇത്തരം റോഡുകൾ മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് നിർമിക്കാമായിരുന്നു. എന്നാൽ ഗ്രാമങ്ങളിലെ മണ് റോഡുകൾ ടാറിംഗ് നടത്താനോ കോണ്ക്രീറ്റ് ചെയ്യാനോ മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ് ഇറക്കി. ഇതോടെ പഞ്ചായത്തുകളിലെ മണ് റോഡുകൾ അറ്റകുറ്റപ്പണി നടത്താൻ പണമില്ലാതായി.
പ്ലാൻഫണ്ടിൽനിന്ന് ഇതിനായി വിനിയോഗിക്കാൻ പണവുമില്ല. ഇതേത്തുടർന്നാണ് ഗ്രാമീണ മേഖലകളിലെ മണ്റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർണമായും നിലയ്ക്കുന്ന അവസ്ഥയിലെത്തിയത്.
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഇത്തരം റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താമെങ്കിലും ഇതിന് പരിമിതികൾ ഉണ്ടെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു.
പ്ലാൻ ഫണ്ടിൽനിന്ന് ഒരു വാർഡിനായി അനുവദിക്കുന്നത് തുച്ഛമായ തുകയാണ്. ഇതുപയോഗിച്ച് ഒരു വാർഡിൽ 100 മീറ്റർ റോഡ് നിർമിക്കാൻ മാത്രമേ കഴിയൂ.
സർക്കാർ തീരുമാനത്തിലെ പിഴവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മെയിന്റനൻസ് ഗ്രാന്റ് ഗ്രാമീണ റോഡുകൾ നവീകരിക്കാനായി ഉപയോഗിക്കരുതെന്ന നിർദേശമാണ് പഞ്ചായത്തുകളിലെ റോഡുവികസനത്തെ ആകെ തകിടം മറിച്ചതെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.
രണ്ടു വർഷം മുന്പു വരെ മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് മണ്റോഡുകൾ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
ടാറിംഗ്, കോണ്ക്രീറ്റ് റോഡുകൾക്ക് മാത്രമേ മെയിന്റനൻസ് തുക ഉപയോഗിക്കാവൂ എന്ന് ഉത്തരവ് ഇറക്കി. എന്നാൽ മണ്റോഡുകൾക്കായി പ്രത്യേക തുക അനുവദിച്ചില്ല. പ്ലാൻഫണ്ട് വർഷം തോറും വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഇതോടെ വാർഡുകളിൽ രണ്ടു വർഷമായി പുതിയ റോഡുകൾ നിർമിക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡുകളുടെ നിർമാണം നിലച്ചതോടെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് തങ്ങൾക്ക് പ്രതികൂലമാകുമോയെന്ന ആശങ്കയിലാണ് പഞ്ചായത്തംഗങ്ങൾ.