ലോഡിറക്കിയ കടയുടമയും തൊഴിലാളികളുമായി തർക്കം
1578049
Wednesday, July 23, 2025 12:05 AM IST
ഉടുന്പന്നൂർ: പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിൽ ലോഡിറക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമയും ചുമട്ടുതൊഴിലാളികളും തമ്മിൽ തർക്കം. ഇന്നലെ രാവിലെ ഉടുന്പന്നൂർ ടൗണിലായിരുന്നു സംഭവം.
പൂവത്തിങ്കൽ ട്രേഡിംഗ് കന്പനി എന്ന സ്ഥാപനത്തിലേക്കുവന്ന ലോഡ് ഉടമ ഫ്രാൻസിസും മകനും ചേർന്നിറക്കിയപ്പോൾ തൊഴിലാളികൾ എതിർപ്പുമായി എത്തുകയായിരുന്നു. എന്നാൽ ഇവർ അംഗീകൃത തൊഴിലാളികളല്ലെന്നും തങ്ങൾതന്നെ ചുമടിറക്കുമെന്നും അറിയിച്ച് ഉടമകൾ ചരക്കിറക്കിയതോടെ തർക്കം രൂക്ഷമായി.
പ്രശ്നത്തിൽ കൂടുതൽ യൂണിയൻ നേതാക്കൾ ഇടപെട്ടതോടെ കരിമണ്ണൂർ പോലീസും സ്ഥലത്തെത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ ചർച്ച നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും വിവിധ യൂണിയൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും രണ്ട് മാസത്തിനുള്ളിൽ തൊഴിൽ കാർഡ് നൽകാൻ തീരുമാനിച്ചു. കൂടാതെ ഉടമകൾ ലോഡിറക്കുന്പോൾ ജീവനക്കാർക്കൊപ്പം അംഗീകൃത യൂണിയൻ തൊഴിലാളികളെയും പങ്കെടുപ്പിക്കണമെന്നും ഇവർക്ക് കൂലി വീതിച്ച് നൽകണമെന്നും ധാരണയായി. തർക്കങ്ങളുണ്ടായാൽ സംഘടനകൾ തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.