കനാൽറോഡിൽ യാത്ര ചെയ്യണോ, നീന്തൽ പഠിക്കണം...
1577773
Monday, July 21, 2025 11:22 PM IST
മുതലക്കോടം: പട്ടയംകവല - പെരുന്പിള്ളിച്ചിറ കനാൽ റോഡ് പുഴയായി മാറി. ഇതു മൂലം യാത്ര പോലും സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്. മുതലക്കോടം - പഴുക്കാകുളം റോഡിൽ നിന്നും പെരുന്പിള്ളിച്ചിറയിലേക്കും അൽ അസ്ഹർ മെഡിക്കൽ കോളജിലേക്കുമുള്ള എളുപ്പവഴിയിലാണ് ഈ ദുരവസ്ഥ. ദിനം പ്രതി നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡ് കുണ്ടും കുഴിയുമായി യാത്ര ദുഷ്കരമായിട്ട് നാളേറെയായി. ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.
കനത്ത മഴ പെയ്താൽ റോഡ് പുഴയ്ക്ക് സമാനമാകും. പെരുന്പിള്ളിച്ചിറ സ്കൂളിലേക്കുള്ള കുട്ടികളും ഇത് വഴിയാണ് സഞ്ചരിക്കുന്നത്. മെഡിക്കൽ കോളജിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. പലതവണ പരാതിപ്പെട്ടിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എംവിഐപിയും പൊതുമരാമത്തും പരസ്പരം പഴിചാരി ഇതിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്.
റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് കനാൽവാലി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ലാലി വിൽസണ്, സെക്രട്ടറി ജിജോ വർഗീസ് എന്നിവർ മുന്നറിയിപ്പ് നൽകി.