പ്രളയം തകര്‍ത്ത 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മാണം അനന്തമായി നീളുന്നു
1578043
Wednesday, July 23, 2025 12:05 AM IST
അടിമാലി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലത്തിന്റെ പുനര്‍ നിര്‍മാണം വൈകുന്നു. 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മിച്ചിരുന്ന പാലത്തിന്റെ മധ്യഭാഗമാണ് പ്രളയത്തില്‍ ഒഴുകിപ്പോയത്.
മെഴുകുംചാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവർ കൊച്ചി - ധനുഷ്കോടി ദേശീയപാതയിലേക്കെത്തിയിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. തകര്‍ന്ന പാലത്തിനു പകരം പുതിയപാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ അവഗണിക്കുകയാണ്. ഒഴുകിപ്പോയ പാലത്തിന്റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന് മുളകൊണ്ട് താത്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്.
ഉറപ്പൊന്നുമില്ലാത്ത ഈ താത്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര. കൈവിരിപോലുമില്ലാത്ത ഈ പാലത്തില്‍നിന്ന് കാലൊന്ന് വഴുതിയാല്‍ അത് വലിയ അപകടത്തിന് കാരണമാകും.