പേരിൽ നാലുവരിപ്പാത; ഫലത്തിൽ ഗർത്തപാത
1578041
Wednesday, July 23, 2025 12:05 AM IST
തൊടുപുഴ: വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ രൂപപ്പെട്ട കുഴികൾ അപകടം വിതയ്ക്കുന്നു. പലയിടങ്ങളിലും കുഴി രൂപപ്പെട്ടതോടെ ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെടുകയാണ്.
മങ്ങാട്ടുകവലഭാഗത്തുനിന്ന് നിരവധിവാഹനങ്ങളാണ് ടൗണ്‍ ഒഴിവാക്കി മൂവാറ്റുപുഴ, കോലഞ്ചേരി, എറണാകുളം, തൃശൂർഭാഗത്തേക്കും വെങ്ങല്ലൂരിൽനിന്നു കോലാനി ബൈപാസിലൂടെ പ്രവേശിച്ച് പാലാ, കൂത്താട്ടുകുളം ഭാഗത്തേക്കും സഞ്ചരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ യാത്രക്കാരെ വലയ്ക്കുകയാണ്. മഴക്കാലമായതിനാൽ കുഴികളിൽ വെള്ളംനിറഞ്ഞുകിടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. ഇത്തവണ കാലവർഷം ശക്തമായതാണ് റോഡ് പെട്ടെന്ന് തകരാൻ കാരണം.
കഴിഞ്ഞ വേനലിൽ റോഡിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. നേരത്തെ കാഡ്സ് വില്ലേജ് സ്ക്വയറിനു സമീപം റോഡിന്റെ ഒരുഭാഗം പൊളിഞ്ഞത് യാത്രാദുരിതത്തിനു കാരണമായിരുന്നു. ഇത് മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ മഴക്കാലം ആരംഭിച്ചതോടെ റോഡ് വീണ്ടും തകരുകയായിരുന്നു.
ശരിയായ രീതിയിൽ ടാറിംഗ് നടത്താത്തതാണ് അടിക്കടി റോഡ് തകരാൻ കാരണമെന്നാണ് യാത്രക്കാരുടെ ആക്ഷേപം. അടിയന്തരമായി റോഡിൽ രൂപപ്പെട്ട കുഴികൾ നികത്തിയില്ലെങ്കിൽ ഈ ഭാഗം കൂടുതൽ തകരാനും യാത്രകൂടുതൽ ദുഷ്കരമാകാനും ഇടയാക്കും.