തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാൻ നഗരസഭാ തീരുമാനം
1578312
Wednesday, July 23, 2025 11:20 PM IST
തൊടുപുഴ: നഗരസഭാ പരിധിയിലെ മുഴുവൻ തെരുവുനായ്ക്കൾക്കും അടിയന്തരമായി വാക്സിനേഷൻ നൽകാനും വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കാനും നഗരസഭാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ വംശവർധന നിയമാനുസൃതം നിയന്ത്രണവിധേയമാക്കാൻ സർക്കാർ തലത്തിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് എബിസി പ്രോഗ്രാമിനും വാക്സിനേഷനുമായി നഗരസഭ തുക വകയിരുത്തി.
എബിസി പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ രണ്ടു വർഷവും നഗരസഭ 10 ലക്ഷം രൂപ വീതം വകയിരുത്തിയിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള എബിസി കേന്ദ്രത്തിന്റെ നിർമാണം സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
തെരുവുനായ്ക്കളെ മൃഗസ്നേഹികളുടെ സഹായത്തോടെ വാക്സിനേഷന് വിധേയമാക്കാനുള്ള കർമപദ്ധതിക്ക് കമ്മിറ്റി അംഗീകാരം നൽകി. അനിമൽ റെസ്ക്യു ആൻഡ് വെൽഫെയർ പ്രവർത്തകരുടെ സേവനം തെരുവുനായ ശല്യം നിയന്ത്രിക്കാൻ നിർണായക ഘടകമാണെന്ന് കമ്മിറ്റി വിലയിരുത്തി. അനിമൽ സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
നഗരസഭാ സെക്രട്ടറി ബിജുമോൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചീഫ് വെറ്ററിനറി സർജൻ ഡോ. ജസ്റ്റിൻ ജേക്കബ് കർമ പദ്ധതി വിശദീകരിച്ചു. ക്ലീൻ സിറ്റി മാനേജർ ഇ.എം.മീരാൻ കുഞ്ഞ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ദേവസേനൻ, ജില്ലാ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കവിത, എം.എൻ.ജയചന്ദ്രൻ, മഞ്ജു, കീർത്തിദാസ് എന്നിവർ പ്രസംഗിച്ചു.