ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ചുമന്നത് അഞ്ചു കിലോമീറ്റർ
1579117
Sunday, July 27, 2025 5:36 AM IST
മറയൂർ: വട്ടവട വത്സപ്പെട്ടി ആദിവാസി കുടിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ ഗാന്ധിയമ്മാൾ എന്ന വയോധികയ്ക്ക് പാറയിൽനിന്ന് തെന്നിവീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന്, വാഹന സൗകര്യമില്ലാത്തതിനാൽ 50-ലധികം പ്രദേശവാസികൾ ചേർന്ന് അവരെ പുതപ്പിൽ കെട്ടി അഞ്ചു കിലോമീറ്ററിലേറെ ചുമന്നാണ് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
2019ലെ മലവെള്ളപ്പാച്ചിലിൽ തകർന്ന വനപാതയാണ് ഇപ്പോഴും ഈ പ്രദേശത്തെ ഏക ആശ്രയം. വട്ടവടയെയും കാന്തല്ലൂരിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ റോഡ് നിർമാണത്തിന് വനംവകുപ്പിന്റെ തടസം നേരിടുന്നതാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വത്സപ്പെട്ടി കുടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗാന്ധിയമ്മാൾ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്പോൾ പാറയിൽനിന്ന് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അടിയന്തര ചികിത്സ ആവശ്യമായിരുന്നെങ്കിലും പ്രദേശത്ത് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്ന റോഡുകളുടെ അഭാവം വലിയ വെല്ലുവിളിയായി.
പ്രദേശവാസികളുടെ പ്രതിഷേധം
വാഹന സൗകര്യമില്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ചുമന്നു കൊണ്ടുപോകേണ്ട ഗതികേടിലാണ് വത്സപ്പെട്ടി കുടിയിലെ താമസക്കാർ. 14 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു റോഡ് നിർമിച്ചിരുന്നെങ്കിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ അവശ്യസേവനങ്ങൾ ഈ ആദിവാസിക്കുടിയിലെ ജനങ്ങൾക്ക് ലഭ്യമാകുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
എന്നാൽ, വനം വകുപ്പിന്റെ നിയന്ത്രണങ്ങൾ ഈ റോഡിന്റെ നിർമാണത്തിന് തടസം സൃഷ്ടിക്കുകയാണ്. വനംവകുപ്പിന്റെ തടസങ്ങൾ മൂലം ഞങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഒരു റോഡുണ്ടായിരുന്നെങ്കിൽ, ഗാന്ധിയമ്മാളിനെ ഇത്ര ദൂരം ചുമക്കേണ്ടിവരില്ലായിരുന്നുവെന്ന് കുടിക്കാർ പറഞ്ഞു.
2019ലെ പ്രളയവും റോഡിന്റെ ശോചനീയാവസ്ഥയും
2019ലെ മലവെള്ളപ്പാച്ചിലാണ് വത്സപ്പെട്ടി കുടിയിലേക്കുള്ള റോഡ് പൂർണമായും തകർത്തത്. അന്നുമുതൽ ഈ പ്രദേശത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വനപാത മാത്രമാണ് ജനങ്ങൾക്ക് ആശ്രയം. ഈ വനപാത മഴക്കാലത്ത് കൂടുതൽ അപകടകരവുമാണ്. 2019നു ശേഷം റോഡ് നന്നാക്കാൻ യാതൊരു ശ്രമവും നടന്നിട്ടില്ല. തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലന്ന് പ്രദേശവാസികൾ പപറയുന്നു.
ഒൗദ്യോഗിക പ്രതികരണം
എ. രാജ എംഎൽഎ വത്സപ്പെട്ടിക്കുടിയിലേക്ക് റോഡ് നിർമിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു..