അതിസാഹസികം; ഫയർ ഫോഴ്സിന് ബിഗ് സല്യൂട്ട്
1578805
Friday, July 25, 2025 11:40 PM IST
തൊടുപുഴ: കാഞ്ഞാർ -വാഗമണ്‍ റൂട്ടിൽ കുന്പങ്കാനം ചാത്തൻപാറ വ്യൂ പോയിന്റിൽനിന്ന് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു മരിച്ച വിനോദ സഞ്ചാരിയെ പുറത്തെത്തിക്കാൻ ഫയർ ഫോഴ്സ് നടത്തിയത് അതീവ ദുഷ്കരമായ രക്ഷാ പ്രവർത്തനം.
കൂരാക്കൂരിരിട്ടും മഴയും കോടമഞ്ഞും വെല്ലുവിളി സൃഷ്ടിച്ചെങ്കിലും അതിനെയെല്ലാം മറികടന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ ദൗത്യം മാതൃകയായി. വ്യാഴാഴ്ച രാത്രി 08.26 നാണ് റിട്ട. കെഎസ്ഇബി എൻജനിയർ എറണാകുളം തോപ്പുംപടി ചക്കുങ്കൽ (കുത്തുകാട്ട്) തോബിയാസ് ചാക്കോ (58) അബദ്ധത്തിൽ കാൽ വഴുതി കൊക്കയിൽ വീണത്. അദ്ദേഹവും സുഹൃത്തുക്കളും വാഗമണ്‍ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ ടയറിൽനിന്ന് കത്തുന്ന മണം വന്നതിനെ തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയതായിരുന്നു ഇവർ. ഇതിനിടെ തോബിയാസ് അബദ്ധത്തിൽ കാൽ വഴുതി അഗാധമായ കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ സഹായത്തിനായി അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ ജില്ലാ ഫയർ ഓഫീസർ കെ.ആർ. ഷിനോയിയുടെ നേതൃത്വത്തിൽ മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി. കനത്ത മഴയും, കാറ്റും, ഇരുട്ടും, കോടമഞ്ഞും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ സേനാംഗങ്ങൾക്ക് രക്ഷാപ്രവർത്തനത്തിന് തടസമായില്ല.
പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ ഇൻഫ്ളാറ്റബിൾ ടവർ ലൈറ്റ് സംവിധാനം ഉപയോഗിച്ച് വെളിച്ചം ഒരുക്കി. തുടർന്ന് തൊടുപുഴ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ടി.കെ. വിവേക്, ഷിന്റോ ജോസ്, ജിബി പി. വരന്പനാട്ട് എന്നിവർ സേഫ്റ്റി ഹാർനസും, റോപ്പും, അനുബന്ധ ഉപകരണങ്ങളും ധരിച്ച് വാക്കി ടോക്കിയുമായി ചെങ്കുത്തായ വഴുവഴുക്കലും മുൾപ്പടർപ്പുകളും നിറഞ്ഞ പാറക്കെട്ടുകൾക്കിടയിലൂടെ അതിസാഹസികമായി താഴേക്കിറങ്ങുകയായിരുന്നു.
അഞ്ഞൂറ് അടിയോളം താഴ്ചയുള്ള മേഖലയാണ് ഇവിടം. തെരച്ചിലിനിടെ തോബിയാസിന്റെ ചെരുപ്പും, മൊബൈൽ ഫോണും ഇടയ്ക്ക് കണ്ടെത്താൻ കഴിഞ്ഞു. മൊബൈൽ അപ്പോഴും റിംഗ് ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. വീണ്ടും തെരച്ചിൽ നടത്തുന്നതിനിടയിൽ 350 അടിയോളം താഴ്ചയിൽ വീണുകിടക്കുന്ന നിലയിൽ ആളെ കണ്ടെത്തി. തുടർന്ന് റെസ്ക്യു നെറ്റിൽ കയറ്റി മുകളിലേക്ക് എത്തിക്കുന്പോൾ ശരീരം ഉരയാതിരിക്കാനായി സ്പൈൻ ബോർഡ് ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് വാക്കി ടോക്കിയിലൂടെ സന്ദേശം നൽകി മുകളിലുള്ള മറ്റു ജീവനക്കാരുടെ സഹായത്തോടെ കഠിന പരിശ്രമത്തിനൊടുവിൽ ആളെ മുകളിലെത്തിച്ചു. ആറുമണിക്കൂറോളം സമയമെടുത്താണ് ദൗത്യം പൂർത്തിയാക്കിയത്. കൊക്കയിൽ വീണ തോബിയാസിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിൽ കാഞ്ഞാർ പോലീസും, സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മുകളിലെത്തിച്ച മൃതദേഹം അഗ്നി രക്ഷാ സേന ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
വ്യൂ പോയിന്റ് മനോഹരം; പക്ഷേ, സുരക്ഷ ഒട്ടുമില്ല
മൂലമറ്റം: കാഞ്ഞാർ - വാഗമണ്‍ റൂട്ടിലെ ചാത്തൻപാറ വ്യൂ പോയിന്റിൽ അപകടം തുടർക്കഥയാകുന്നു. ഇതിനോടകം 17 പേർ ഇവിടെനിന്ന് കൊക്കയിൽ വീണിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ ജീവൻ നഷ്ടമായി. എന്നിട്ടും സ്ഥിരം അപകട മേഖലയായ ഇവിടെ മുൻകരുതൽ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. പലപ്പോഴും അഗ്നിരക്ഷാ സേന നടത്തുന്ന രക്ഷാപ്രവർത്തനംമൂലമാണ് പലരും ജീവിതത്തിലേക്കു തിരിച്ചുവരുന്നത്.
അപായ സൂചനാ മുന്നറിയിപ്പ് ബോർഡുകളോ ക്രാഷ് ബാരിയറോ സുരക്ഷാ വേലിയോ സ്ഥാപിക്കാൻ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇവിടെ സുരക്ഷാ സംവിധാനമൊരുക്കണമെന്ന് സ്ഥലം സന്ദർശിച്ച അറക്കുളം പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിത്യേന നൂറുകണക്കിന് വിനോദ സഞ്ചാരികൾ വാഗമണ്‍ സന്ദർശിക്കാൻ പോകുന്ന റോഡാണിത്. വാഗമണ്‍ സന്ദർശിക്കാൻ പോകുന്ന വിനോദ സഞ്ചാരികൾ മനോഹരമായ ഈ വ്യൂ പോയിന്റിൽ ഇറങ്ങാതെ പോകില്ല. ഇവിടെ വാഹനം പാർക്ക് ചെയ്യാനും ചിത്രങ്ങൾ പകർത്താനും കഴിയും. എന്നാൽ കൊക്കയുടെ സമീപത്തേക്ക് നീങ്ങിയാൽ അപകടം ഉറപ്പാണ്.
കാഞ്ഞാർ - പുള്ളിക്കാനം റോഡിന്റെ വശങ്ങളിൽ പല ഭാഗത്തും പാറക്കെട്ടുകളും അഗാധമായ കൊക്കയുമുണ്ട്. ഇവിടെയൊന്നും റോഡിന് മതിയായ വീതിയില്ല. അതിനാൽ അപകട സാധ്യതയേറെയാണ്. റോഡിന് വീതിക്കുറവും കയറ്റവുമായതിനാൽ അപകടം ഉണ്ടായാൽ ഫയർ ഫോഴ്സ് വാഹനം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതും ദുഷ്കരമാണ്.