കാറ്റും മഴയും തുടരുന്നു: ജില്ലയിൽ കനത്ത നാശം
1578800
Friday, July 25, 2025 11:40 PM IST
തൊടുപുഴ: ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. രണ്ടു ദിവസങ്ങളിലായി ജില്ലയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഇന്നലെ ശക്തമായ കാറ്റിൽ മരച്ചില്ല ഒടിഞ്ഞുവീണ് ചക്കുപള്ളത്ത് ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീ മരിച്ചു.
കന്പം ഗൂഡല്ലൂർ കെജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്. നെടുങ്കണ്ടം ചെന്പകക്കുഴിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം വീണ് വാഹനം ഭാഗികമായി തകർന്നു. കുമളി - മൂന്നാർ റോഡിൽ പുളിയൻമലയ്ക്കും വണ്ടൻമേടിനും ഇടയ്ക്ക് ഇരട്ടപ്പാലത്തിനു സമീപം വൈദ്യുതി ലൈനും പോസ്റ്റുകളും തകർത്ത് മരം ഒടിഞ്ഞ് റോഡിലേക്ക് പതിച്ചു.
ഇതു വഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ഉപ്പുതറ കോതപാറ വരകാലായിൽ ലതയുടെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് വീടിന്റെ ഷീറ്റുകൾ നശിക്കുകയും ഭിത്തിക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
പലയിടങ്ങളിലും മരം വീണ് ഗതാഗത തടസവും വീടുകൾക്കു കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപകമായ കൃഷി നാശവുമുണ്ടായി.
ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനാൽ ആശങ്കയിലാണ് മലയോര മേഖല. ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ദേവികുളം താലൂക്കിലാണ് കൂടുതൽ മഴ പെയ്തത്. 105.2 മില്ലീമീറ്റർ മഴയാണ് പെയ്തത്. പീരുമേട് - 52, ദേവികുളം- 105.2, തൊടുപുഴ- 62.2, ഇടുക്കി- 75.2
ഉടുന്പൻചോല- 38 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്.