ജില്ലയിൽ തീവ്രമഴ, വ്യാപക മണ്ണിടിച്ചിൽ
1579120
Sunday, July 27, 2025 5:36 AM IST
ചെറുതോണി: വെള്ളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയിലും കാറ്റിലും മലയോരമേഖലയിൽ വ്യാപകമായ മണ്ണിടിച്ചിൽ. അടിമാലി-കുമളി ദേശീയ പാതയിൽ കരിമ്പനു സമീപം അട്ടിക്കളത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇടുക്കി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്നലെ വൈകുന്നേരം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു മുന്നിലാണ് മണ്ണിടിഞ്ഞത്. മരങ്ങളും മണ്ണും ഏറെനേരത്തേ പരിശ്രമത്തിനു ശേഷമാണ് നീക്കം ചെയ്ത് ഗതാഗതം പുനഃ സ്ഥാപിക്കാനായത്.
തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ പത്താം മൈലിനു സമീപം മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. കൊന്നത്തടി - വെള്ളത്തൂവൽ റോഡിൽ വിമലാസിറ്റി പൈപ് ലൈനിനു സമീപം ജോസ് വരാനപ്പിള്ളിയുടെ സ്ഥലം ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.
ദേവിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു; താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട്
അടിമാലി: ദേവികുളം താലൂക്കില്‍ ശക്തമായ മഴ ദിവസങ്ങളായി തുടരുകയാണ്.മഴക്കൊപ്പം ശക്തമായ കാറ്റു വീശുന്ന സ്ഥിതിയുമുണ്ട്. കല്ലാര്‍കുട്ടി -വെള്ളത്തൂവല്‍ റോഡില്‍ വെള്ളത്തൂവല്‍ യാക്കോബായ പള്ളിക്കു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണു നീക്കി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. മുതുവാന്‍കുടി - വെള്ളത്തൂവല്‍ റോഡില്‍ വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപം മുളങ്കൂട്ടം റോഡിലേക്കു മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.ദേശീയപാത 85ല്‍ വാളറയ്ക്കു സമീപം മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസമുണ്ടായില്ല. ചീയപ്പാറയ്ക്കു സമീപം മരം കടപുഴകിവീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ശക്തമായ മഴ തുടരുന്നതിനാല്‍ പുഴകളിലും തോടുകളിലും വലിയ തോതില്‍ ജലനിരപ്പുയര്‍ന്നു. ദേവിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ അടിമാലി ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളും വെള്ളത്തിലായി. വാളറ കെടിഡിസി പടിക്കല്‍നിന്നു കുളമാന്കുഴിക്കു പോകുന്ന പാതയിലെ ചപ്പാത്തില്‍ വെള്ളം കയറി.
ഇരുമ്പുപാലം, പടിക്കപ്പ് മേഖലയില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. കല്ലാര്‍ - മാങ്കുളം റോഡിലെ താഴ്ന്നഭാഗങ്ങള്‍ വെള്ളത്തിലാകും. കുരിശുപാറ ടൗണിനു സമീപവും കല്ലാര്വാലിയിലും റോഡില്‍ വെള്ളം കയറി. ജലനിരപ്പുയര്‍ന്നതോടെ കല്ലാര്‍കുട്ടി, പൊന്മുടി അണക്കെട്ടുകള്‍ തുറന്നു. മറ്റ് അക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.