ഒന്നു ബോർഡ് വയ്ക്കാമോ; അഡ്വഞ്ചർ ടൂറിസ്റ്റുകൾക്ക് ഇവിടേക്ക് സ്വാഗതം !
1578807
Friday, July 25, 2025 11:40 PM IST
വണ്ണപ്പുറം: വെണ്മറ്റംനാൽപതേക്കർ റോഡ് മഴ പെയ്താൽ തോടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളായ തൊമ്മൻകുത്തിനെയും കാറ്റാടിക്കടവിനെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണിത്.
റോഡ് തകർച്ചയുടെ വക്കിലെത്തിയിട്ട് മാസങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. മഴക്കാലം ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് ഇതുവഴി കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇടുക്കി-കഞ്ഞിക്കുഴി ഭാഗത്തേക്കും തിരിച്ചും നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. ശക്തമായ മഴ പെയ്താൽ റോഡിൽ വെള്ളം നിറയുന്നതോടെ ഇതുവഴി സഞ്ചരിക്കാനാകില്ല.
വണ്ണപ്പുറം പഞ്ചായത്തിലെ ഏഴ്, ഒന്പത് വാർഡുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന റോഡായതിനാൽ ജനപ്രതിനിധികൾ ഒഴിഞ്ഞുമാറുകയാണ്.
ഒരു വർഷം മുൻപ് ടൈൽ പാകി ഗതാഗത യോഗ്യമാക്കിയ റോഡിലൂടെ ടോറസ് ലോറികൾ ചീറിപ്പായാൻ തുടങ്ങിയതോടെയാണ് റോഡ് തകർന്നത്. വെള്ളക്കെട്ടുള്ള ഭാഗത്തും ടൈൽ വിരിച്ചിരുന്നെങ്കിൽ റോഡ് തകരുകയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.