ഏഴല്ലൂരിൽ വ്യാപക നാശ നഷ്ടം
1578801
Friday, July 25, 2025 11:40 PM IST
ഏഴല്ലൂർ: കനത്ത കാറ്റിലും മഴയിലും കുമാരമംഗലം പഞ്ചായത്തിലെ ഏഴല്ലൂരിൽ വ്യാപക നാശനഷ്ടം. കല്ലിങ്കൽ സെബാസ്റ്റ്യൻ ജയിംസിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. സമീപത്തെ പുരയിടത്തിൽ നിന്ന ആഞ്ഞിലി മരമാണ് ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് വീണത്. അപകട സമയത്ത് വീട്ടിൽ ഭാര്യയും മക്കളും ഹരിത കർമ സേനാംഗവും ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരം വീണ് പത്തോളം ഷീറ്റുകൾ പൊട്ടിയതായി സെബാസ്റ്റ്യൻ പറഞ്ഞു.
സെബാസ്റ്റ്യനും കുടുംബവും കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ വീട്ടിൽ താമസം ആരംഭിച്ചത്. പുത്തൻപുരയിൽ റോയിയുടെ വീട്ടിലെ തേക്ക് മരങ്ങൾ, കളപ്പുരയിൽ പോൾസന്റെ വീട്ടിലെ ആഞ്ഞിലി, റബർ, മാണിക്കുന്നതിൽ ജെൻസന്റെ വളപ്പിലെ ജാതി, ആഞ്ഞിലി, മുണ്ടക്കാമറ്റത്തിൽ റോസിലിയുടെ പ്ലാവ്, ഇരുപൂൾ എന്നിവയും കട പുഴകി വീണു. പഞ്ചിക്കാട്ട് ബിജുവിന്റെ വളപ്പിലെ ജാതി മരങ്ങൾ റോഡിലേക്ക് മറിഞ്ഞ് ഗതാഗത തടസമുണ്ടായി. മൂന്ന് പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണതോടെ വൈദ്യുതി ബന്ധം നിലച്ചു.
കലൂരിൽ താമസിക്കുന്ന ഷിനിൽ തങ്കപ്പന്റെ കാറിന് മുകളിലേക്ക് മരത്തിന്റെ ചില്ല വീണ് കേടുപാട് സംഭവിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, മെംബർമാരായ ജിന്റു ജേക്കബ്, സജി ചെന്പകശേരിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.