ജില്ലയിൽ മഴയ്ക്ക് ശമനമില്ല; നാളെ ഓറഞ്ച് അലർട്ട്
1578319
Wednesday, July 23, 2025 11:21 PM IST
തൊടുപുഴ: ജില്ലയിൽ കനത്ത മഴ ശമനമില്ലാതെ തുടരുന്നു. ഇന്നലെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇടവേളയില്ലാതെ മഴപെയ്തു.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ശരാശരി 47.68 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്. പീരുമേട് താലൂക്കിലാണ് കൂടുതൽ മഴ പെയ്തത്. 86.2 മില്ലിമീറ്റർ മഴയാണ് പീരുമേട്ടിൽ പെയ്തത്. ദേവികുളം- 63.2, തൊടുപുഴ- 28, ഇടുക്കി- 41.8, ഉടുന്പൻചോല - 19.2 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽ പെയ്ത് മഴയുടെ കണക്ക്.
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും മഴ ശക്തമായി തുടരുന്നുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കാര്യമായ കെടുതികൾ വൈകിട്ടുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മഴയെത്തുടർന്ന് നദികളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നീരൊഴുക്ക് കൂടിയതോടെ ഡാമുകളിലെ ജലനിരപ്പും ഉയരുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ഇന്നലെ രാവിലെ 130.10 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിൽ 2366.18 അടിയാണ് ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയത്.