വിദ്യാർഥികളെ ജീവിതമൂല്യങ്ങൾ പഠിപ്പിക്കാൻ ഐലിവ് പദ്ധതി
1578315
Wednesday, July 23, 2025 11:21 PM IST
ഇടുക്കി: വിദ്യാർഥികളുടെ കഴിവും സേവനവും സമൂഹത്തിന് മെച്ചപ്പെട്ട നിലയിൽ ലഭ്യമാക്കാൻ അവരെ പ്രാപ്തരാക്കുന്ന നൂതന പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഇന്റഗ്രേറ്റഡ് ലൈഫ് സ്കിൽ ഫോർ വാല്യൂസ് ആൻഡ് എംപവർമെന്റ് - ഐലിവ് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് നടക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
വിദ്യാഭ്യാസത്തോടൊപ്പം ജീവിതമൂല്യങ്ങളും കുട്ടികൾക്ക് സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കുന്നത്. 27 ആഴ്ച നീണ്ടുനിൽക്കുന്ന ക്ലാസ് എല്ലാ വെള്ളിയാഴ്ചകളിലും ആദ്യത്തെ പീരിയഡിലായിരിക്കും നടത്തുന്നത്.
എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി ഏഴു വിഷയങ്ങളുള്ള പ്രത്യേക പാഠ്യക്രമം ഇതിനായി തയാറാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകരും ക്ലാസുകളിൽ പങ്കാളികളാകും. പദ്ധതിയിലൂടെ അക്കാദമിക്ക് പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് പൗരത്വ മൂല്യങ്ങളും സമൂഹത്തിൽ തങ്ങളുടെ ഉത്തരവാദിത്വവും കടമയും സംബന്ധിച്ച അവബോധവും നൽകും. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്പോൾ വിദ്യാർഥികളുടെ കഴിവും സേവനവും സമൂഹത്തിന് മെച്ചപ്പെട്ടതായി ലഭ്യമാക്കുകയെന്നതാണു ലക്ഷ്യം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെയും ഡിഇഒമാരുടെയും നിയന്ത്രണത്തിലായിരിക്കും ക്ലാസുകൾ. ആദ്യത്തെയും അവസാനത്തെയും ആഴ്ച പദ്ധതി വിലയിരുത്തൽ നടത്തും. സർക്കാർ സ്കൂളുകൾക്ക് പുറമെ ജില്ലയിലെ എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും.