കനത്ത മഴ; റബർ കർഷകർ ദുരിതത്തിൽ
1578318
Wednesday, July 23, 2025 11:21 PM IST
തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ റബർ കർഷകർക്കും തൊഴിലാളികൾക്കും അടിയന്തര സഹായമെത്തിക്കണമെന്ന ആവശ്യം ശക്തമായി. ആറുമാസമായി ടാപ്പിംഗ് നടക്കാത്തതിനാലാണ് കർഷകരും ടാപ്പിംഗ് തൊഴിലാളികളും ദുരിതത്തിലായത്. കഴിഞ്ഞ ഫെബ്രുവരി മുതൽ വേനൽക്കാലത്ത് മൂന്നു മാസം ടാപ്പിംഗ് നിർത്തി വച്ചിരുന്നു. റെയിൻ ഗാർഡ് ഇട്ട് ടാപ്പിംഗ് നടത്താൻ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം ടാപ്പിംഗ് മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലും മുടങ്ങി.
ഇതിനു പുറമേ കനത്ത മഴമൂലം റബറിന്റെ ഇലകൾ പൊഴിയുന്ന സ്ഥിതിയാണ്. ഇതുമൂലം റബർ ഉത്പാദനം ഗണ്യമായി കുറയുന്ന അവസ്ഥയാണുള്ളത്. തുടർച്ചയായി ടാപ്പിംഗില്ലാത്തതിനാൽ തൊഴിലാളികളും പട്ടിണിയിലാണ്. കടമെടുത്ത് റെയിൻ ഗാർഡിട്ട കർഷകരും മുന്‍പെങ്ങുമില്ലാത്ത രീതിയിൽ പ്രതിസന്ധിയിലും കടക്കെണിയിലുമാണ്.
ഈ സാഹചര്യത്തിൽ ടാപ്പിംഗ് തൊഴിലാളികൾക്ക് അടിയന്തരമായി സൗജന്യ റേഷനും കിറ്റും റബർ കർഷകർക്ക് പലിശയില്ലാത്ത വായ്പയും അനുവദിക്കണമെന്ന് ഫാർമേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് റബറിന്റെയും ലാറ്റക്സിന്റെയും തടിയുടെയും നികുതിയിനത്തിൽ വലിയ വരുമാനമാണ് ലഭിക്കുന്നത്. അതിനാൽ കർഷകരെ സഹായിക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി രാജീവ് പാടത്തിൽ, ട്രഷറർ ഷൈജോ ജോസഫ് ചെറുനിലം, വൈസ് പ്രസിഡന്റ് സോണി കിഴക്കേക്കര എന്നിവർ പ്രസംഗിച്ചു.