സർക്കാർ ഓഫീസുകൾ വൃത്തിയാക്കാൻ ഗാന്ധിജയന്തിവരെ കാക്കണോ?
1578320
Wednesday, July 23, 2025 11:21 PM IST
ചെറുതോണി: സർക്കാർ ഓഫീസുകളും പരിസരവും വൃത്തിയാക്കാൻ ഗാന്ധിജയന്തിവരെ കാത്തിരിക്കണോ? പൊതുജനങ്ങൾ ചോദിക്കുന്നു. ആശുപത്രികൾ, സ്കൂളുകൾ ഉൾപ്പെടെ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും എല്ലാ ദിവസവും മനുഷ്യർ എത്താറുള്ള സ്ഥലമാണോ എന്നു സംശയിക്കേണ്ട അവസ്ഥയിലാണ്.
സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ ആൽമരങ്ങൾവരെ വളർന്നുതുടങ്ങിയിട്ടുണ്ട്. കെട്ടിടങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെയും വൃത്തിയാക്കി പെയിന്റ് ചെയ്തു സൂക്ഷിക്കാതെയുമാണ് നശിക്കുന്നത്. കെട്ടിടത്തിൽ കേടുപാടുകളുണ്ടായാൽ പുതിയത് പണിയുകയാണ് ചെയ്യുക.
നിരവധി സർക്കാർ സ്കൂളുകൾക്ക് ആവശ്യത്തിലധികം കെട്ടിടങ്ങളുണ്ട്. എന്നാൽ, പലതും ഉപയോഗ യോഗ്യമല്ലതാനും. നിസാര തകരാറുകളുള്ളവപോലും അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കുന്നതിനു പകരം പുതിയത് നിർമിക്കുന്നു.
ജില്ലാ ഭരണ സിരാകേന്ദ്രംപോലും കാടുകയറി നശിച്ചു കൊണ്ടിരിക്കയാണ്. കളക്ടറേറ്റിനോടു ചേർന്നു പ്രവർത്തിക്കുന്ന നിക്ഷേപ ഭവന്റെ മേൽക്കൂരയിൽ വൃക്ഷത്തൈകൾ ഉൾപ്പെടെ വളരുന്നുണ്ട്. പുറത്തുനിന്ന് നോക്കുന്ന ആർക്കും വ്യക്തമായി കാണാവുന്ന കാടുപടലങ്ങൾ ഇവിടെ ദിവസവും എത്തി ഒപ്പിട്ട് ജോലി ചെയ്യുന്ന ജീവനക്കാർ മാത്രം കാണുന്നില്ല.
മോട്ടോർവാഹന വകുപ്പിന്റെ വാഹനങ്ങൾ സൂക്ഷിക്കുന്ന പോർച്ചിന്റെയും കളക്ടറേ റ്റിലെ മറ്റ് കാർപോർച്ചുകളുടെയും മുകളിൽ വള്ളിപ്പടർപ്പുകൾ വളർന്നിരിക്കുകയാണ്. ഭാരം താങ്ങാനാകാതെ തകരഷീറ്റിൽ നിർമിച്ചിരിക്കുന്ന ഷെഡ് തകർന്നുവീണാൽ സർക്കാർ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. കളക്ടറേറ്റിന്റെ സമീപത്തായി പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകളുടെയും പരിസരം കാടുപിടിച്ച് വൃത്തിഹീനമായിരിക്കുകയാണ്.
ഇവിടെ കുടിവെള്ളം ശേഖരിക്കാനായി സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് സംഭരണികൾക്ക് അടപ്പുപോലുമില്ല. അടപ്പില്ലാത്തതിനാൽ ജലസംഭരണികളിൽ പക്ഷികളും മറ്റു ജീവികളും മാലിന്യം കൊണ്ടുവന്നിടാനുള്ള സാധ്യത ഏറെയാണ്.
ഇവയെല്ലാം യഥാസമയം വൃത്തിയാക്കി സൂക്ഷിച്ചാൽ സർക്കാരിനുണ്ടാകുന്ന നഷ്ടങ്ങളുടെ തോത് കുറയ്ക്കാനാകും. സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവർ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുമെന്നാണ് ജനങ്ങൾ കരുതുന്നത്.