പി.ജെ. ജോസഫിന് ആശംസകളുമായി രമേശ് ചെന്നിത്തല
1578556
Thursday, July 24, 2025 11:21 PM IST
തൊടുപുഴ: ശതാഭിഷേക നിറവിലെത്തിയ പി.ജെ. ജോസഫ് എംഎൽഎയെ മുൻ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവുമായ രമേശ് ചെന്നിത്തല സന്ദർശിച്ചു. വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് കേരള രാഷട്രീയത്തിൽ സ്വന്തമായി ഇടം നേടിയ വ്യക്തിയാണ് പി.ജെ. ജോസഫെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേക്ക് മുറിച്ച് ഇരുവരും സൗഹൃദം പങ്കിട്ടു. പി.ജെയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, യുഡിഎഫ് കണ്‍വീനർ ജോയി വെട്ടിക്കുഴി, ചെയർമാൻ പ്രഫ.എം.ജെ.ജേക്കബ്, അപു ജോണ്‍ ജോസഫ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ, ബ്ലെയിസ് ജി. വാഴയിൽ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.
വി.എസ്-ഉമ്മൻചാണ്ടി
താരതമ്യം അനാവശ്യം
തൊടുപുഴ: വി.എസ്. അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയേയും താരതമ്യം ചെയ്യുന്നത് അനാവശ്യമാണെന്നും രണ്ടുപേർക്കും രണ്ടു ശൈലിയാണുള്ളതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശതാഭിഷേക നിറവിലെത്തിയ പി.ജെ.ജോസഫ് എംഎൽഎയ്ക്ക് ആശംസകൾ അറിയിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ അനാവശ്യ ചർച്ചയാണ് നടക്കുന്നത്. രണ്ടുപേരും ജനസമ്മതരാണ്. വി.എസ്. തൊഴിലാളികൾക്കിടയിലും സാധാരണക്കാർക്കിടയിലുംജീവിച്ച നേതാവാണ്. അതേസമയം ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച നേതാവാണെന്നും അദ്ദേഹം പറഞ്ഞു.