ചപ്പാത്ത് ആലടിയിൽ ചെളിയിൽ ഓട കോൺക്രീറ്റ് ചെയ്തതായി പരാതി
1578322
Wednesday, July 23, 2025 11:21 PM IST
ഉപ്പുതറ: കുട്ടിക്കാനം - പുളിയൻമല മലയോര ഹൈവേയുടെ ചപ്പാത്ത് - കട്ടപ്പന റീച്ച് നിർമാണത്തിൽ വ്യാപക ക്രമക്കേടെന്ന് പരാതി. ചൊവ്വാഴ്ച ആലടി ടൗണിൽ ചെളിക്കുണ്ടിന് മുകളിൽ കോൺക്രീറ്റ് ചെയ്തതാണ് അവസാനത്തെ പരാതി.
പെരിയാറിലെ കുളിക്കടവിലേക്ക് ഇറങ്ങാൻ പഞ്ചായത്ത് നിർമിച്ച റോഡിലെ ചെളിക്കുഴിയിലാണ് കരാറുകാരൻ കോൺക്രീറ്റ് ചെയ്തത്. ചെളി കോരിക്കളഞ്ഞ് മക്ക് നിരത്തിയ ശേഷം കോൺക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട നാട്ടുകാരോട് സൂപ്പർവൈസർ തട്ടിക്കയറിയതായും പരാതിയുണ്ട്. മുകളിലെ കോൺക്രീറ്റ് ഉറച്ചതിനാൽ പൊളിച്ചു ചെയ്യാൻ കഴിയില്ലെന്നും കുറച്ചുകൂടി താഴ്ഭാഗത്തുനിന്നും കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കാമെന്നും സ്ഥലത്തു വന്ന അസി. എൻജിനിയർ പറഞ്ഞു.
ചപ്പാത്ത് - കട്ടപ്പന റീച്ചിന്റെ നിർമാണം തുടങ്ങിയതു മുതൽ ക്രമക്കേടും പരാതിയുമുണ്ട്. വർഷങ്ങൾ പഴക്കമുള്ള കലുങ്കുകൾ പൊളിച്ചുപണിയാതെ ഇരുവശവും വീതികൂട്ടി നവീകരിക്കുകയാണു ചെയ്തത്. അശാസ്ത്രീയമായ ഇത്തരം നവീകരണം ഭാവിയിൽ ദോഷം ചെയ്യുമെന്ന് നാട്ടുകാർ ആരോപിച്ചു.