എൻഎഡി-എച്ച്എംടി റോഡിൽ ഗതാഗത നിരോധനം ഇന്നു മുതൽ
1549837
Thursday, May 15, 2025 4:39 AM IST
ആലുവ: ജലജീവൻ മിഷൻ പ്രവൃത്തിയുടെ ഭാഗമായി എൻഎഡി - എച്ച്എംടി റോഡിൽ കോമ്പാറ ജംഗ്ഷനിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് മുതൽ ആരംഭിക്കും. കുടിവെള്ള വിതരണവും കോമ്പാറ ജംഗ്ഷൻ വഴിയുള്ള റോഡ് ഗതാഗതവും മൂന്ന് ദിവസം മുടങ്ങും.
പെരുമ്പാവൂർ ഭാഗത്തുനിന്നു വരുന്ന ഭാരവാഹനങ്ങൾ ചെമ്പറക്കിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പുക്കാട്ടുപടി വഴി കളമശേരി എറണാകുളം ഭാഗങ്ങളിലേക്ക് പോകണം. ആലുവ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാർമൽ ഹോസ്പിറ്റലിന് മുന്നിൽനിന്നു വലത്തോട്ട് തിരിഞ്ഞ് മനയ്ക്കപ്പടി റോഡിലൂടെ പോട്ടച്ചിറ അമ്പലം വഴി കോമ്പാറ ജംഗ്ഷനിലെത്തി കളമശേരി കാക്കനാട് ഭാഗങ്ങളിലേക്ക് പോകണം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ ന്യുവാൽസ് ജംഗ്ഷനിൽനിന്നു വലത്തോട്ട് തിരിഞ്ഞ് തേവയ്ക്കൽ ജംഗ്ഷൻ വഴി പുക്കാട്ടുപടിയിലേക്കും മറ്റ് ചെറു വാഹനങ്ങൾ തൊരപ്പ് ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് എൻഎഡി റോഡിൽനിന്നു പോട്ടച്ചിറ അമ്പലം ജംഗ്ഷൻ വഴി കുന്നത്തേരി കാർമൽ ഹോസ്പിറ്റൽ ഭാഗങ്ങളിലേക്കും പോകണം.
കൂടാതെ ഈ ദിവസങ്ങളിൽ എടത്തല പഞ്ചായത്തിൽ പൂർണമായും കീഴ്മാട് പഞ്ചായത്തിലെ 15, 16, 17 വാർഡുകളിലും ചൂർണിക്കര പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത് വാർഡുകളിലും ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അഥോറിറ്റി എക്സികൂട്ടീവ് എൻജിനീയർ അറിയിച്ചു.