കെഎൽഇഒ തദ്ദേശ ജീവന സംരക്ഷണ യാത്ര ഇന്നു ജില്ലയിൽ
1549851
Thursday, May 15, 2025 4:55 AM IST
കൊച്ചി: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെഎൽഇഒ) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന തദ്ദേശ ജീവന സംരക്ഷണ യാത്ര ഇന്നു ജില്ലയിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാതല സ്വീകരണം അങ്കമാലിയിൽ നടക്കും.
തദ്ദേശ പൊതു സർവീസിലെ ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങളെയും പൊതുജനത്തെയും ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാത്ത സർക്കാർ നിലപാടിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയുമാണ് യാത്രയെന്നു കെഎൽഇഒ സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ നൈറ്റോ ബേബി അരീയ്ക്കൽ പറഞ്ഞു.
ജില്ലാതല സ്വീകരണ യോഗം എഐസിസി സെക്രട്ടറി റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തും.
അങ്കമാലി നഗരസഭാ ചെയർമാൻ ഷിയോ പോൾ, മുൻ എംഎൽഎ പി.ജെ. ജോയ്, ജില്ലാ പ്രസിഡന്റ് എ.ബി. റെനു, സെക്രട്ടറി പി.ജെ. ജോഷി, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വിവിധ സർവീസ് സംഘടന ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. കാസർഗോഡ് നിന്നാരംഭിച്ച തദ്ദേശ ജീവന സംരക്ഷണ യാത്ര 23 നു തിരുവനന്തപുരത്തു സമാപിക്കും.