അവധിക്കാലത്ത് ലഹരിക്കെതിരെ സംസ്കൃതം അധ്യാപകർ
1560808
Monday, May 19, 2025 4:47 AM IST
കൊച്ചി: അവധിക്കാലത്ത് ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവുമായി അധ്യാപകരുടെ ദൃശ്യാവിഷ്കാരവും റാലിയും. ജില്ലയിലെ സർക്കാർ, എയ്ഡഡ് യുപി സ്കൂളുകളിലെ സംസ്കൃതം അധ്യാപകരാണ് വ്യത്യസ്തമായ ബോധവത്കരണവുമായി രംഗത്തെത്തിയത്. നോർത്ത് പറവൂർ എസ്എൻഎച്ച്എസ്എസ് (പുല്ലങ്കുളം) സ്കൂളിൽ നടന്ന സംസ്കൃത അധ്യാപക സംഗമത്തിന്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂളിൽനിന്ന് പെരുവാരം ജംഗ്ഷൻ വരെ ലഹരിവിരുദ്ധ ബോധവത്കരണ റാലി നടത്തി. പറവൂർ മുനിസിപ്പൽ കൗൺസിലർ സജി നമ്പിയത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഗാനങ്ങളും റാലിയിൽ അകന്പടിയായി.
സംസ്കൃതത്തിൽ തയാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകളും വേറിട്ട കാഴ്ചയായി. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം പകരുന്ന ദൃശ്യാവിഷ്കാരത്തിന് വിവിധ അധ്യാപകർ നേതൃത്വം നൽകി.