ലഹരിക്കെതിരെ എക്സൈസിന്റെ ഓട്ടൻതുള്ളലും ഫ്ലാഷ് മോബും
1561110
Tuesday, May 20, 2025 6:50 AM IST
കൊച്ചി: എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാട്ടും ചുവടുകളുമായി എന്റെ കേരളം പ്രദര്‍ശന-വിപണന വേദിയില്‍ ലഹരിക്കെതിരെ ബോധവത്കരണം നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മറൈന്‍ഡ്രൈവില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശനത്തില്‍ എക്സൈസ് വകുപ്പ് വിമുക്തി ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തിയ ഓട്ടൻതുള്ളലും ഫ്ളാഷ്മോബും കാണികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ജീവിതമാണ് ലഹരി എന്ന പ്രമേയത്തില്‍ എക്സൈസ് വകുപ്പിലെ 17 ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. പ്രിവന്റീവ് ഓഫീസറായ ജിനേഷ് കുമാറാണ് നൃത്താവിഷ്കാരം നടത്തിയത്. ലഹരി സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളും ദൂഷ്യഫലങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഓട്ടന്തുള്ളല്. സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നേറ്റത്തിനായി ലഹരിക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി അസിസ്റ്റന്റ് എക്സൈസ് ഓഫീസറായ വി. ജയരാജാണ് ഓട്ടന്തുള്ളല് ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്.