എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വര്‍ഷത്തിന് തുടക്കമായി
1561111
Tuesday, May 20, 2025 6:50 AM IST
കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ 2025-26 വിശ്വാസ പരിശീലന വര്‍ഷം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ജസ്റ്റീസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ നിഷ്ക്കളങ്കത നിലനിര്‍ത്തികൊണ്ടുതന്നെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ അവരെ പരിശീലിപ്പിക്കുന്നതാവണം വിശ്വാസപരിശീലനം എന്ന് അവര്‍ പറഞ്ഞു. വിശ്വാസപരിശീലനവര്ഷത്തിന്റെ 'ഈശോയിലാണെന്റെ പ്രത്യാശ' എന്ന ലോഗോയുടെ പ്രകാശനകര്‍മവും ജസ്റ്റീസ് നിർവഹിച്ചു.
പ്രധാനാധ്യാപകരും ഫൊറോന പ്രമോട്ടേഴ്സും സെക്രട്ടറിമാരും വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയികളായ കുട്ടികളും അവരുടെ മാതാപിതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. വിശ്വാസപരിശീലനകേന്ദ്രം സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും അതിരൂപതാതല സ്കോളര്‍ഷിപ്പ് നേടിയവര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അതിരൂപത ഡയറക്ടര്‍ ഫാ. പോള്‍ മോറേലി, അതിരൂപത പ്രമോട്ടര്‍മാരുടെ പ്രതിനിധി പോള്‍ മണവാളന്, അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രതിനിധി മെറീനാ തോമസ്, കുട്ടികളുടെ പ്രതിനിധിയും അതിരൂപത പ്രതിഭയുമായ സാന്ദ്രാ ജോബി, അസി. ഡയറക്ടര്‍ ഫാ. ആന്റണി നടുവത്തുശേരി എന്നിവര്‍ പ്രസംഗിച്ചു.