പഴയ അറിവുകളും സംസ്കാരങ്ങളും തലമുറകളിലേക്ക് കൈമാറണം: മന്ത്രി ഒ.ആര്. കേളു
1561112
Tuesday, May 20, 2025 6:50 AM IST
കൊച്ചി: പഴയ അറിവുകളും സംസ്കാരങ്ങളും തലമുറകളിലേക്ക് കൈമാറേണ്ടതുണ്ടെന്ന് മന്ത്രി ഒ.ആര്. കേളു. എറണാകുളം ട്രൈബല്‍ കോംപ്ലക്സില്‍ നടന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അറിവിന്റെ ഒരു വലിയ ശൃംഖലതന്നെ തദ്ദേശീയ ജനവിഭാഗങ്ങളില്‍ ഉണ്ട്. ഇവ കാലഹരണപ്പെടാതെ കാത്തുസൂക്ഷിക്കണം. ഇതിനായാണ് മ്യൂസിയങ്ങള്‍ സംരക്ഷിച്ചു പോരുന്നത്.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗദ്ദിക നാടന്‍ കലാമേള ഈ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കലാകാരന്മാരായ കുട്ടപ്പന് കാണി, കെ.എസ്. സുകു, ആറളം ഫാം കോ ഓപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ.പി. നിതീഷ് കുമാര്‍, എന്‍ ഊര് സിഇഒ പി. പ്രിമല്‍ രാജ്, സനില കുഞ്ഞുമോന്, പി.ആര്. കണ്ണപ്പന് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. യുസി കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. ജെനി പീറ്റര്‍, ഒ.കെ. പ്രഭാകരന്, കൗണ്‍സിലര്‍ പത്മ എസ്. മേനോന്, കിര്‍ടാഡ്സ് ഡയറക്ടര്‍ ഡോ. എസ്. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.