മെട്രോ തൂണുകള്‍ക്കിടയിലെ പച്ചപ്പ് നിലനിര്‍ത്താന്‍ കഴിയുമോയെന്ന് പരിശോധിക്കണം: മന്ത്രി പി. രാജീവ്
1561120
Tuesday, May 20, 2025 7:05 AM IST
കൊച്ചി: വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമത്തിലൂടെ മെട്രോയുടെ തൂണുകള്‍ക്കിടയിലെ പച്ചപ്പ് നിലനിര്‍ത്താനാകുമോയെന്ന് കെഎംആര്‍എല്‍ പരിശോധിക്കണമെന്ന് മന്ത്രി പി. രാജീവ്. കൊച്ചി മെട്രോ കളമശേരിയില്‍ ബിപിസിഎലുമായി ചേര്‍ന്ന് ആരംഭിച്ച ഫ്യൂവല്‍ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതിനുള്ള പഠനം നടത്താന്‍ കെഎംആര്എലിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നത് കേരളത്തിനാകെ അഭിമാനകരമാണെന്നും കൊച്ചി മെട്രോ ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മിക്ക മെട്രോകളും സാമ്പത്തികമായി ലാഭത്തിലല്ലെന്നും കൊച്ചി മെട്രോ ലാഭം വര്‍ധിപ്പിക്കാന്‍ ബഹുവിധ ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫ്യവല് സ്റ്റേഷനെന്നും ഇതൊരു നല്ല മാതൃകയാണ് എന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന് എംപി പറഞ്ഞു.
മെട്രോ ലൈനിലെ മീഡിയനിലിലെ പച്ചപ്പ് നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ, കളമശേരി നഗരസഭാ കൗണ്‍സിലര്‍ നഷീദ സലാം, കെഎംആര്‍എല്‍ ഡയറക്ടര്‍മാരായ ഡോ. എം.പി. രാംനവാസ്, സഞ്ജയ് കുമാര്‍, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഐ/സി) എം. ശങ്കര്‍, ബിപിസിഎല്‍ ഹെഡ് റീട്ടെയ്ല്‍ സൗത്ത് രവി ആര്. സഹായ്, സ്റ്റേറ്റ് ഹെഡ് (റീറ്റെയ്ൽ) കേരള, വി.ആര്. ഹരി കിഷന് എന്നിവര്‍ പ്രസംഗിച്ചു. കളമശേരി മെട്രോ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്യൂവല്‍ സ്റ്റേഷന് 24 മണിക്കൂറും പ്രവര്‍ത്തിക്കും.