ആലുവയിലും നെട്ടൂരിലും തൃപ്പൂണിത്തുറയിലുമായി 15 കിലോ കഞ്ചാവ് പിടികൂടി
1561218
Wednesday, May 21, 2025 4:42 AM IST
ആലുവ\മരട്\തൃപ്പൂണിത്തുറ: ആലുവ, നെട്ടൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി 15 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ആലുവയിൽ നിന്നു ഏഴു കിലോ കഞ്ചാവ് പിടികൂടിയതിനു പുറമേ സംഘം നട്ടുവളർത്തിയ കഞ്ചാവ് ചെടികളും പിടികൂടി. മരടിലെ ലോഡ്ജിൽ നിന്നും ഏഴു കിലോയും തൃപ്പൂണിത്തുറയിൽ നിന്നും ഒരു കിലോ കഞ്ചാവുമാണ് പിടികൂടിയത്.
ആലുവയിൽ കഞ്ചാവും ചെടികളുമായി മൂന്നു പേർ പിടിയിൽ
ആലുവ: ഏഴ് കിലോ കഞ്ചാവും നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ റൂറൽ ജില്ലാ ഡാൻസാഫ് ടീമിൻെറ പിടിയിലായി. ആസാം ഹോജായ് സ്വദേശി യഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൾ ഹഖ് (28) എന്നിവരെയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആലുവ പോലീസുമായി ചേർന്ന് ഡാൻസഫ് പരിശോധന നടത്തിയത്. ദേശീയ പാതയിൽ മുട്ടം ജംഗ്ഷന് സമീപം ഇവർ വാടകയ്ക്ക് താമസിക്കുന്നിടത്ത് നിന്നാണ് കഞ്ചാവു ചെടികൾ കണ്ടെത്തിയത്.
മരടിൽ രണ്ടു യുവാക്കൾ പിടിയിൽ
മരട്: ഏഴ് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ നെട്ടൂരിൽ പിടിയിലായി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അമൽ മാത്യു (35), മലപ്പുറം വഴിക്കടവ് സ്വദേശി രതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. നെട്ടൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കഞ്ചാവുമായി യുവാക്കൾ പനങ്ങാട് പോലീസിന്റെ പിടിയിലായത്. വില്പനയ്ക്കായാണ് യുവാക്കൾ കഞ്ചാവെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ഒഡീഷ സ്വദേശി അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഒരു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ സ്വദേശി ഹരേകൃഷ്ണ നായിക്കി(26) നെയാണ് കഞ്ചാവുമായി സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്തൂർ-വൈറ്റില റോഡിൽ കണിയാമ്പുഴ ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.