പള്ളിപ്പുറത്തെ കുടിവെള്ളക്ഷാമം : മുനമ്പത്തേക്ക് 10 കോടിയുടെ ഫീഡർ ലൈൻ പദ്ധതി
1561571
Thursday, May 22, 2025 4:46 AM IST
വൈപ്പിൻ: പള്ളിപ്പുറത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമെന്നോണം മുനമ്പത്തേക്ക് ഫീഡർ ലൈൻ വലിക്കാൻ 10 കോടിയുടെ പദ്ധതി ജിഡയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് വാട്ടർ അഥോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചതായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ പറഞ്ഞു.
എടവനക്കാട്, പള്ളിപ്പുറം പഞ്ചായഞ്ഞുകളിലെ കുടിവെള്ളക്ഷാമം പരിഹാരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ നേരിൽ കണ്ട് നടത്തിയ ചർച്ചയിലാണ് ഫീഡർ പദ്ധതിയെക്കുറിച്ച് അറിയിച്ചത്.
കരുത്തല പാലത്തിലെ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻജിനീയർ ചർച്ചയിൽ അറിയിച്ചു. ഇതോടെ പള്ളിപ്പുറത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കൂടാതെ എടവനക്കാട് സെയ്ത് മുഹമ്മദ് റോഡിൽ ഫീഡർ ലൈൻ വലിക്കാൻ 1.23 കോടി രൂപയുടെ പ്രൊപ്പോസൽ തയാറായിട്ടുള്ളതായും എൻജിനീയർ അറിയിച്ചു.
സംഘത്തിൽ വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, സുബോധ ഷാജി, ഇ.കെ. ജയൻ, ജിജി വിൻസന്റ്, ഷെന്നി ഫ്രാൻസീസ്, ട്രീസ ക്ലീറ്റസ്, സുജ വിനോദ്, ശാന്തിനി പ്രസാദ്, ബിഡിഒ ലോറൻസ് എന്നിവരും ഉണ്ടായിരുന്നു.