ഫുട്പാത്ത് കൈയേറി പാര്‍ക്കിംഗ്; നോര്‍ത്തില്‍ കാല്‍നട കടന്പ
1561575
Thursday, May 22, 2025 5:02 AM IST
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് റോഡിലെ ഫുട്പാത്തുകള്‍ കൈയേറിയുള്ള വാഹന പാര്‍ക്കിംഗ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. എക്സൈസ് ഓഫീസ് മുതല്‍ കെസിഎം മേത്തര്‍ റോഡ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തുകളിലും റോഡരികിലുമായിട്ടാണ് വാഹനങ്ങള്‍ കയറ്റിവച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ നടുറോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മാസങ്ങളായി ഈ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗിന് മതിയായ സൗകര്യമില്ലാത്തതിനാലാണ് ആളുകള്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പോകുന്നത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ ആരോ ഫുട്പാത്തിലേക്ക് കയറ്റിവച്ചതോടെ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു. ഇതോടെ ഫുട്പാത്തും റോഡിന്റെ വശങ്ങളിലും വാഹനങ്ങളും നിരതന്നെയാണ്.
കഴിഞ്ഞ ദിവസം ഫുട്പാത്തിലൂടെ നടക്കാന്‍ കഴിയാതെ വന്ന വയോധികന് റോഡിലേക്ക് ഇറങ്ങി നടക്കുന്നതിനിടെ ഇരുചക്രം വാഹനം ഇടിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. വാഹന പരിശോധനയ്ക്കായി ഇടയ്ക്കിടെ നോര്‍ത്ത് പാലത്തിന് താഴെ ഇറങ്ങാറുള്ള പോലീസ് സംഘം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് സമീപത്തെ കച്ചവടക്കാര്‍ പറയുന്നത്.