കാലടി പാലത്തിലും എംസി റോഡിലും അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും
1563196
Thursday, May 29, 2025 4:40 AM IST
എംഎൽഎയുടെയും പഞ്ചായത്തിന്റെയും ഇടപെടൽ ഫലംകണ്ടു
കാലടി: കാലടി പാലത്തിലേയും എംസി റോഡിലേയും അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തികരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന റോജി എം. ജോൺ എംഎല്‍എയുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ആവശ്യം അംഗീകരിക്കപ്പെട്ടു. ജോലികൾക്കായി കരാറുകാരനെ ചുമതലപ്പെടുത്താൻ പൊതുമരാമത്ത് അധികൃതർ തീരുമാനിച്ചു.
എത്രയും വേഗം പാലത്തിലേയും എംസി റോഡിലേയും അറ്റകുറ്റപ്പണികള്‍ നടത്താൻ നിർദേശം നൽകിയിട്ടുള്ളതായി കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ദിവസങ്ങളായി ഗതാഗതക്കുരുക്കിൽ കാലടി വീർപ്പുമുട്ടിയതിനെതുടർന്ന് എംഎൽഎയും പ്രസിഡന്റും പൊതുമരാമത്ത് അധികൃതരുമായും ജില്ലാ കളക്ടറുമായും ബന്ധപ്പെട്ട് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കാലടി പാലത്തിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കുഴികള്‍മൂലം മണിക്കൂറുകളോളം വാഹനങ്ങള്‍ കുരുക്കില്പ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും എംഎല്‍എ മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടിരുന്നു.
27ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ഠേന പ്രമേയത്തിലൂടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മഴ ആരംഭിച്ചതോടെ എംസി റോഡിൽ അപകടകരമായ വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകാണ്.
എംസി റോഡിന്റെ ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള ഭാഗം ഒപിബിആര്‍സി സ്കീമില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന കമ്പനി ഇപ്പോള്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഈ കമ്പനിയെക്കൊണ്ടുതന്നെ വീണ്ടും പ്രവർത്തികൾ ചെയ്യിപ്പിക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.
പിഡബ്ല്യുഡി മെയ്ന്റനൻസ് വിഭാഗം ഇന്ന് കാലടിയിൽ എത്തി നടപടികൾ സ്വീകരിക്കുമെന്നും മഴ കുറയുമ്പോൾ പാലത്തിലെ അപാകതകൾ പരിഹരിക്കുമെന്നും തുടർന്ന് എംസി റോഡിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുമെന്നും കളക്ടർ ഉറപ്പുനൽകിയതായി റോജി എം. ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി എന്നിവർ അറിയിച്ചു.