വരവില്‍ കവിഞ്ഞ സ്വത്ത് : സിപിഒക്കെതിരെ വിജിലന്‍സ് കേസെടുത്തു
1563214
Thursday, May 29, 2025 5:16 AM IST
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഇടുക്കി മണക്കാട് പുതുപരിയാരം സ്വദേശി വി.ജെ. ജോമോനെതിരെ(45) ആണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
അനധികൃതമായി സമ്പാദിച്ച 10.23 ലക്ഷം രൂപയും, ഇതുമായി ബന്ധപ്പെട്ട 13 രേഖകളും വിജിലന്‍സ് കണ്ടെത്തി. നേരത്തേ എറണാകുളം വാഴക്കുളം സ്റ്റേഷനിലും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ ജോമോന് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 67 ലക്ഷത്തിലേറെ രൂപ ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി വിജിലന്‍സ് കണ്ടെത്തി.
ഇതില്‍ 10.23 ലക്ഷം രൂപ വരവില്‍ കവിോഞ്ഞ സ്വത്തുകളാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ആര്. ഷാബുവിന്റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട 13 രേഖകളും, 25,000 രൂപയും പിടിച്ചെടുത്തു. രണ്ട് ബാങ്ക് ലോക്കറുകളും വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത രേഖകളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് വിജിലന്‍സ് എറണാകുളം സെപ്ഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ട് പി.എ. മുഹമ്മദ് ആരിഫ് അറിയിച്ചു.