വ്യാപാരി വ്യവസായി കുറുമശേരി യൂണിറ്റ് സമ്മേളനം
1563524
Friday, May 30, 2025 4:40 AM IST
നെടുമ്പാശേരി: വിദ്യാലയങ്ങളെ വാണിജ്യ കേന്ദ്രങ്ങളായി മാറ്റി വ്യാപാര മേഖലയെ തകർക്കാനുള്ള ശ്രമങ്ങളിൽനിന്ന് അധികൃതർ പിൻമാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ യൂണിഫോം ഏകീകരണമെന്ന പേരിൽ വിദ്യാലയങ്ങളിൽ തുടങ്ങിയ കച്ചവടം ഇന്ന് ബാഗുകൾ, നോട്ട് ബുക്കുകൾ, ഷൂ തുടങ്ങി എല്ലാവിധ സാധനങ്ങളും ലഭ്യമാകുന്ന വിധത്തിൽ വാണിജ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്.
ഓപ്പൺ മാർക്കറ്റുകളിൽനിന്നും വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ഗുണമേന്മയും ഉയർന്ന വിലയും നൽകി പഠനോപകരണങ്ങൾ വിദ്യാലയങ്ങളിൽനിന്നു വാങ്ങുന്നതിന് രക്ഷിതാക്കളെ നിർബന്ധിക്കുന്ന അധ്യാപകരുടെ നടപടി അപലനീയമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
വാർഷിക സമ്മേളനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ അധ്യക്ഷനായി.