കൊയ്ത്തുയന്ത്രം വാങ്ങിച്ചുതരാമെന്ന് പറഞ്ഞ് തട്ടിപ്പ്: തിരുപ്പൂർ സ്വദേശികൾ അറസ്റ്റിൽ
1225402
Wednesday, September 28, 2022 12:30 AM IST
പാലക്കാട് : കൊയ്ത്തുയന്ത്രം വാങ്ങിച്ച് തരാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി തമിഴ്നാട് സ്വദേശിയിൽ നിന്ന് 60,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുപ്പൂർ സ്വദേശികളായ ഗണേഷ് മൂർത്തി (50), രാജ് കുമാർ (43) എന്നിവരെയാണു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ലാൽഗുഡി വെങ്കിടാലചപുരം സ്വദേശി രാജശേഖരനിൽ നിന്നാണ് പണം തട്ടിയത്. 20 ലക്ഷം രൂപ വിലവരുന്ന കൊയ്ത്തു യന്ത്രം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാലക്കാട് നഗരത്തിലേക്കു വിളിച്ചു വരുത്തിയായിരുന്നു തട്ടിപ്പ്. യന്ത്രം വാങ്ങുന്നതിനു മുന്നോടിയായി 80,000 രൂപയുടെ മുദ്രപത്രം വേണമെന്ന് ഇരുവരും പറഞ്ഞു.
ഇതിനായി പണം ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന 60000 രൂപ കൊടുത്തതും രാജശേഖരനെ തള്ളിയിട്ട് കാറിൽ കയറി പോവുകയായിരുന്നു. രാജശേഖരന്റെ പരാതിയിൽ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പകൽ 12.30നാണ് സംഭവം.
സൗത്ത് എസ്ഐ വി. ഹേമലത, എസ്സിപിഒമാരായ എം. സുനിൽ, കെ.ബി. രമേഷ്, എം. നസീർ, സിപിഒ കെ. അബ്ദുൾ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.