കാഴ്ചകളുടെ കാണാപ്പുറങ്ങളിൽ അലിഞ്ഞുചേർന്ന് അണിയറകൾ
1244710
Thursday, December 1, 2022 12:45 AM IST
ഒറ്റപ്പാലം : കാഴ്ചകളുടെ കാണാപ്പുറങ്ങളിൽ അലിഞ്ഞുചേർന്ന് കലോത്സവങ്ങളുടെ അണിയറകൾ. അരങ്ങിലെത്തുന്ന മത്സര കാഴ്ചവട്ടങ്ങളുടെ വർണ്ണ പൊലിമകളല്ല അണിയറയിൽ സംഭവിക്കുന്ന ദുരിതപർവങ്ങൾക്കുള്ളത്.
ഇതിനെയെല്ലാം താണ്ടി കടന്നാണ് ഓരോ മത്സരാർത്ഥിയും കേവലം പരിമിതമായ മിനിറ്റുകൾക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ചും വേദനകൾ ഉള്ളിലൊതുക്കിയും വിരിഞ്ഞ ചിരിയോടെ വേദികളിൽ നിറഞ്ഞാടുന്നത്.
ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയും കേരള നടനവും സംഘനൃത്തവുമെ ല്ലാമാണ് കലോത്സവ വേദികളുടെ നിധിയറ തുറന്ന് കാഴ്ചവട്ടങ്ങളൊരുക്കുന്നത്.
10 മിനിറ്റ് സമയം മാത്രം വേദികളിൽ നിറഞ്ഞാടാൻ മൂന്നു മണിക്കൂർ സമയമെങ്കിലും ഓരോ മത്സരാർഥിക്കും ഒരുക്കങ്ങൾക്കു വേണം. മത്സരങ്ങൾ വൈകുംതോറും ചായം തേച്ച മുഖം വലിഞ്ഞുമുറുകും.
മത്സരങ്ങളിൽ പങ്കെടുക്കാൻ അതിരാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങണം. എവിടെയെങ്കിലും ഒരല്പം പാളിച്ച വന്നാൽ ചെയ്തതല്ലാം വൃഥാവിലാവും. ഭാരമേറിയ ഉടയാടകളും.
ചമയങ്ങളുമായി ഉൗഴം കാത്ത് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടിവരുന്ന അവസ്ഥ വാക്കുകൾക്കും വർണനകൾക്കും അതീതമാണ് മത്സരങ്ങൾക്കു ശേഷം ഇതെല്ലാം അഴിച്ചുമാറ്റാനും ചായങ്ങൾ കഴുകി കളയാനും മണിക്കൂറുകൾ വേണം.
ചായം തേച്ച മുഖം പലപ്പോഴും വലിഞ്ഞു മുറുകുകയും അലർജി വന്ന് തടിച്ചു വീർക്കുകയും ചെയ്യും.
ഭീമമായ തുക മുടക്കിയാണ് ഓരോ മത്സരാർഥിയും വേദികളിലെ ത്തുന്നത്. മേക്കപ്പിനും നല്ലൊരു തുക മാറ്റിവയ്ക്കണം. നിർധനരായവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കലോത്സവത്തിന്റെ ദയനീയമായ പിന്നാന്പുറ കാഴ്ചവട്ടങ്ങളാണിത്.