മഹാശിലായുഗ കാലത്തെ ചരിത്ര അവശേഷിപ്പുകൾ നശിച്ചു തീരുന്നു
1263836
Wednesday, February 1, 2023 12:31 AM IST
ഷൊർണൂർ : ചാലിശ്ശേരിയിൽ മഹാശിലായുഗ കാലത്തെ ചരിത്ര അവശേഷിപ്പുകൾ നശിച്ചു തീരുന്നു. തണ്ണീർക്കോട് വേങ്ങശ്ശേരിയിലാണ് പോയ കാലത്തിന്റെ അടയാളപ്പെടുത്തലുകളായ കുടക്കല്ലുകൾ നാശത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്.
ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായ കുടക്കല്ലുകളെ സംരക്ഷിക്കാൻ ഇതുവരേയും ഒരു നടപടികളും ഉണ്ടായിട്ടില്ല. പൈതൃകവും ചരിത്രവും നിറയുന്ന അവശേഷിപ്പുകൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് ചരിത്രാന്വോഷകരുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. തണ്ണീർക്കോട്ടുള്ള കുടക്കല്ലിന് 2,500 ഓളം വർഷത്തെ പഴക്കമുള്ളതായാണ് ഗവേഷകർ പറയുന്നത്.
തണ്ണീർക്കോട് വേങ്ങശ്ശേരി പാടശേഖരത്തിൽ നെൽപ്പാടങ്ങൾക്ക് നടുവിലായാണ് അതിപുരാതനമായ ചരിത്ര അവശേഷിപ്പായ കുടക്കല്ലുള്ളത്. ബിസി 500 കാലഘട്ടത്തിൽ മരിച്ച ആളുകളുടെ മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ടാണ് കുടക്കല്ല് സ്ഥാപിച്ചിരിക്കുന്നതെന്ന് പട്ടാന്പി നീലകണ്ഠ സംസ്കൃത കേളജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസർ കെ.രാജൻ പറയുന്നു. മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ചു കഴിഞ്ഞ് അതിന് മുകളിലായി മരിച്ചവരുടെ ഓർമയ്ക്കായാണ് കുടക്കല്ലുകൾ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ ചെങ്കല്ലുകൾ പിരമിഡ് രൂപത്തിൽ കൂർപ്പിച്ചുവെച്ചുകൊണ്ട് അതിനുമുകളിലായി കുടയുടെ ആകൃതിയിലായി ചെങ്കല്ല് കൊത്തിയെടുത്ത് സ്ഥാപിച്ചാണ് കുടക്കല്ല് വെച്ചിരിക്കുന്നത്.
ഒരു മീറ്ററിലേറെയാണ് കുടക്കല്ലിന്റെ മേൽപ്പാളിക്കുള്ള ഉയരം. വൃത്താകൃതിയിൽ കല്ല് വെട്ടിയെടുത്തതിന് ശേഷം മുകളിലേക്ക് കൂർപ്പിക്കുന്ന രീതിയിലാണ് നിർമ്മിതി. ആനക്കര പഞ്ചായത്തിൽ കണ്ടെത്തിയ കുടക്കല്ല് 2008ൽ തഞ്ചാവൂരിലെ പുരാവസ്തു ഗവേഷകനായ ഡോ.സെൽവകുമാറിന്റെ നേതൃത്വത്തിൽ ഉദ്ഘടനം നടത്തിയതിൽ പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. പറയിപെറ്റ പന്തീരുകുല പെരുമകളുറങ്ങുന്ന തൃത്താലയിൽ വേറെയും ചരിത്ര സ്മാരകങ്ങൾ ഇത്തരത്തിലുണ്ട്. ഇതിൽ പ്രധാനമാണ് ഗുരുവായൂർപട്ടാന്പി റോഡിലുള്ള കട്ടീൽ മാടം.