ആനക്കൂട്ടം തെങ്ങുകളും വൈദ്യുതി പോസ്റ്റും നശിപ്പിച്ചു
1339540
Sunday, October 1, 2023 1:33 AM IST
മുതലമട: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ചെമ്മണാമ്പതി ജനവാസ കേന്ദ്രത്തിൽ ആനക്കൂട്ടമിറങ്ങി തെങ്ങുകളും വൈദ്യുതി തൂണുകളും മറിച്ചിട്ട് വ്യാപക നാശം വരുത്തി. അരശമരക്കാട് പെരിയസാമിയുടെ വീടിനോടു ചേർന്ന തോട്ടത്തിൽ ഇന്നലെ പുലർച്ചെയാണ് ആനക്കൂട്ടമിറങ്ങിയിരിക്കുന്നത്.
പത്തോളം തെങ്ങുകളും അഞ്ചു വൈദ്യുതി പോസ്റ്റുകളുമാണ് മറിച്ചിട്ടിരിക്കുന്നത്. പെരിയസാമി അറിയിച്ചതിനെ മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി, വൈസ് പ്രസിഡന്റ് എം. താജുദീൻ, കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ജനവാസ കേന്ദ്രത്തിൽ ആനക്കൂട്ടമിറങ്ങി ഭീകരത സൃഷ്ടിച്ചതിൽ മലയോര താമസകുടുംബങ്ങൾ ആശങ്കയിരിക്കുകയാണ്. മുതലമട കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി തൂണ് പുന:സ്ഥാപിക്കൽ ജോലി നടത്തിവരികയാണ്.
നാലുമാസം മുൻപ് ജാഗ്രതാസമിതി യോഗം ചേർന്ന് ആനയിറങ്ങുന്നത് തടയാൻ തൂക്ക് ഫെൻസിംഗ് നിർമിക്കാൻ തീരുമാനിച്ചിരുന്നു. മുതലമട പഞ്ചായത്ത്, കൊല്ലങ്കോട് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ധനസഹായ വാഗ്ദാനവും നല്കിയിരുന്നു.